തിരൂർ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംഘടിപ്പിച്ച ലോങ് മാർച്ച് മലപ്പുറത്ത് സമാപിച്ചു. സമാപന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. വഴിക്കടവിൽ നിന്നും വെളിയംകോട് നിന്നും ആരംഭിച്ച രണ്ട് ജാഥകൾ മലപ്പുറത്ത് സംഗമിക്കുകയായിരുന്നു.
ജില്ലയുടെ മലയോര മേഖലയിൽ നിന്നും തീരദേശ മേഖലയിൽ നിന്നുമാണ് രണ്ട് ജാഥകൾ മലപ്പുറത്തെത്തിയത്. അഡ്വക്കറ്റ് കെ.സി നസീർ, ബാബുമണി കരുവാരകുണ്ട് എന്നിവരാണ് ജാഥാ ക്യാപ്റ്റൻമാർ. മലപ്പുറത്തിൻറെ വികസന മുന്നേറ്റത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്ന പ്രചാരണവുമായാണ് നാല് ദിവസം നീണ്ടു നിന്ന ലോങ്മാർച്ച് ജില്ലാ ആസ്ഥാനത്തെത്തിയത്. കുന്നുമ്മലിൽ നടന്ന സമാപന പൊതുസമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. മലപ്പുറത്തെ രണ്ട് ജില്ലകളാക്കി മാറ്റുന്നത് ലീഗിന് ഭയമാണെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലയുടെ സമ്പൂർണ വികസനത്തിന് രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരൂർ ജില്ല എന്ന ആവശ്യം ഏറ്റെടുക്കാൻ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സന്നദ്ധരാകണമെന്ന് ആവശ്യപ്പെട്ട ലോങ് മാർച്ചിൻറെ സമാപന പരിപാടിയിൽ എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി.പി.എ ലത്തീഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാർ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ലോങ്മാർച്ച് ജില്ലയിൽ പാർട്ടിയുടെ ശക്തിപ്രകടനം കൂടിയായി മാറി