Auto

മഹിന്ദ്ര ഫ്യൂരിയോ വിപണിയിലെത്തി

മഹിന്ദ്രയുടെ ഇടത്തരം ലോഡിംഗ് ട്രക്കായ മഹിന്ദ്ര ഫ്യൂരിയോ വിപണിയിലെത്തി. 2018 ജൂലൈയില്‍ ട്രക്കിനെ കുറിച്ച് കമ്പനി പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് ഔദ്യോഗികമായി പുറത്ത് വിടുന്നത്. മഹിന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീനയാണ് ഫ്യൂരിയോയുടെ ഡിസൈസിനു പിന്നില്‍.

600 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തരം ട്രക്കുകള്‍ വികസിപ്പിക്കുന്നതിനായി കമ്പനി നടത്തിയിരിക്കുന്നത്. 500 എഞ്ചിനീയര്‍മാരും 180 ഇല്‍ പരം സപ്ലേയര്‍മാരും 2014 മുതല്‍ ഫ്യൂരിയോയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായി. പൂനെക്കടുത്ത് ചകാനിലുള്ള മഹിന്ദ്രയുടെ പ്ലാന്റിലാണ് ഫ്യൂരിയോയുടെ ജനനം.

മഹിന്ദ്രയുടെ തന്നെ ബ്ലേസോ ട്രക്കിന്റെ തൊട്ട് താഴെയുള്ള വിഭാഗത്തിലാണ് ഫ്യൂരിയുടെ സ്ഥാനം. മഹിന്ദ്രയുടെ എം.ഡി.ഐ ടെക്‌നോളജിയുള്ള ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുക. 2400 ആര്‍.പി.എമ്മില്‍ പരമാവധി 500 ന്യൂട്ടന്‍ മീറ്റര്‍ ടോര്‍ക്ക് ലഭിക്കുന്ന എഞ്ചിനില്‍ നിന്നും 138 ബി.എച്ച്.പി കരുത്ത് ലഭിക്കും. മഹിന്ദ്ര തന്നെ വികസിപ്പിച്ചെടുത്ത ഫ്യുവല്‍ സ്മാര്‍ട്ട് ടെക്‌നോളജി വാഹനത്തിന് കൂടുതല്‍ മെലേജ് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ലോഡുകളുടെ അവസ്ഥകള്‍ക്കനുസരിച്ച് മാറ്റാവുന്ന മോഡുകളും വാഹനത്തിലുണ്ടാവും. കൂടാതെ ഏത് നിരത്തിലും കുറഞ്ഞ ആര്‍.പി.എമ്മില്‍ തന്നെ കൂടുതല്‍ ടോര്‍ക്ക് നല്‍കാനാവുമെന്നതും വാഹനത്തിന്റെ പ്രത്യേകതയാണ്. 12 ടണ്‍ 14 ടണ്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക. യഥാക്രമം 17.45 ലക്ഷം,18.10 ലക്ഷം എന്നിങ്ങനെയാണ് ഫ്യൂരിയോയുടെ വില.