പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന കോണ്‍ഗ്രസ് നിലപാട് തള്ളി മുസ്ലിംലീഗ് പരസ്യമായി രംഗത്ത്. ഇതോടെ യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതാക്കളുമായി വേദി പങ്കിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ലീഗ് ഇടപെട്ടത്. എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും പറഞ്ഞതിനു പിന്നാലെയാണ് സംയുക്തസമരം ഇനിയും വേണമെന്ന് വ്യക്തമാക്കി മുസ്ലിംലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും രംഗത്തുവന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കം കോണ്‍ഗ്രസിലെ ഒരു വിഭാഗം സംയുക്തസമരത്തെ ന്യായീകരിച്ചത് കോണ്‍ഗ്രസിനുള്ളിലും പുതിയ തര്‍ക്കമുഖം തുറന്നിട്ടുണ്ട്. കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുള്‍പ്പെടെ ഏതാനും നേതാക്കള്‍ സംയുക്തസമരം ശരിയായില്ലെന്ന വികാരം പ്രകടിപ്പിച്ചെങ്കിലും ചെന്നിത്തല അത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
കഴിഞ്ഞ ദിവസത്തെ സംയുക്ത സമരത്തെ എതിര്‍ത്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചിരുന്നു. ആര്‍എസ്പിയും അതൃപ്തി വെളിപ്പെടുത്തി. എന്നാല്‍, യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗ് യോജിച്ച പ്രക്ഷോഭം നല്ല സന്ദേശമാണ് നല്‍കിയതെന്ന് വ്യക്തമാക്കിയതോടെ മുല്ലപ്പള്ളിയും ബെന്നിബഹന്നാനും വെട്ടിലായിരിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു സംഘടിപ്പിച്ച സത്യഗ്രഹം സമൂഹത്തിന് നല്ല സന്ദേശമാണ് നല്‍കിയതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ സംയുക്ത സമരത്തിലൂടെ സാധിച്ചു. നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളാണ് ഇതില്‍ പങ്കാളികളായത്. ആര്‍എസ്പി ഉള്‍പ്പെടെ പറഞ്ഞ കാര്യങ്ങള്‍ സാങ്കേതികം മാത്രമാണ്. ഭരണഘടനാ വിരുദ്ധമായ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭമാണ് വേണ്ടത്. അക്രമ സമരത്തോട് ലീഗിന് താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.