ലോട്ടറിയുടെ നികുതി നിരക്ക് 28 ശതമാനമായി ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടത്. ജി.എസ്.ടി കൗണ്‍സിലിന്‍റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലേക്ക് കടന്നുവരാമെന്ന് ലോട്ടറി മാഫിയ കരുതേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു
ലോട്ടറി നികുതി ഏകീകരിക്കാനുള്ള തീരുമാനം കേരളത്തിന് വലിയ തിരിച്ചടി നല്‍കുന്നതാണ്. ലോട്ടറി നികുതി ഏകീകരിക്കരുതെന്ന് പലപ്പോഴും ധനമന്ത്രി തോമസ് ഐസക്ക് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വോട്ടെടുപ്പിലെ നേരിയ ഭൂരിപക്ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാവുകയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് ലോട്ടറി നികുതി ഏകീകരിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനെ സഹായിച്ചത്. കേരളത്തിന് വലിയ നികുതി നഷ്ടം ഉണ്ടാകുമെന്നും ലോട്ടറി മാഫിയ കേരളത്തിലേക്ക് കടക്കാതിരിക്കാന്‍ സാധ്യമായ എല്ലാവഴിയും സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വരുമാന നഷ്ടം നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ നിരക്ക് ഉയര്‍ത്താനുള്ള ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും തീരുമാനമായില്ല. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നും മികച്ച മാര്‍ഗങ്ങള്‍ മുന്നോട്ട് വെക്കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയത്തിലുണ്ടാകുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നും നിലവിലെ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി