കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാപകമായി ചെങ്കല്‍ ഖനനം. ഏക്കറുകണക്കിന് പ്രദേശത്താണ് അനധികൃതമായി ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ക്വാറികളുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ ജനജീവിതം ദുഷ്കരമെന്ന് നാട്ടുകാര്‍.
കാസര്‍കോട് ആദൂര്‍ വില്ലേജിലെ മിനിച്ചിപദവിലാണ് ചെങ്കല്‍ ഖനനം വ്യാപകമായുള്ളത്. ഏക്കര്‍ കണക്കിന് ഭൂമിയില്‍ നിന്നും നൂറ് കണക്കിന് ലോഡ് ചെങ്കല്ലുകളാണ് അയല്‍ സംസ്താനങ്ങളിലേക്കടക്കം ദിവസവും കടത്തുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ ഇവിടത്തെ ജനജീവിതം ദുഷ്കരമാക്കുകയാണ്. നിലയ്ക്കാത്ത യന്ത്രത്തിന്റെ ശബ്ദം കുട്ടികളുടെ പഠനത്തെയടക്കം ബാധിക്കുന്നുണ്ട്.
ക്വാറികളുടെ പ്രവര്‍ത്തനം പ്രദേശത്ത് പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പരാതിയുമായി മുന്നോട്ട് വരുന്നവര്‍ക്കെതിരെ ഭീഷണിയുള്ളതായും പരാതിയുണ്ട്. പ്രദേശത്തെ വീടുകള്‍ക്ക് ചുറ്റുമായി പത്തിലധികം ക്വാറികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം, എന്നാല്‍ പരിശോധന ഘട്ടത്തില്‍ നിര്‍ത്തി വെക്കുന്ന ക്വാറികള്‍ അധികൃതരുടെ നിസംഗതയാല്‍ ദിവസങ്ങള്‍ക്കകം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.