India Kerala

പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് ഹർജി നല്‍കി

പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് ഹരജി നല്‍കി. ബില്ല് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ഹരജിയില്‍ പറയുന്നു. നീതി പ്രതീക്ഷിക്കുന്നതായും ശക്തമായ പോരാട്ടം എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പി. കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ അസമില്‍ രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അര്‍ധസൈനിക വിഭാഗത്തിന് പുറമെ സൈന്യത്തെ കൂടി വിന്യസിച്ചേക്കും.

ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തെക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. വ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി അസമിലെ പത്ത് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി.