India National

ഹൈദരബാദ് കൊലപാതകത്തില്‍ തെലങ്കാന ഹൈക്കോടതി ഇടപെടുന്നു

ഹൈദരബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ, ഏറ്റുമുട്ടലിൽ പൊലീസ് വധിച്ച സംഭവത്തിൽ തെലങ്കാന ഹൈക്കോടതി ഇടപെടുന്നു. പ്രതികളുടെ മൃതദേഹം ഒമ്പതാം തീയതി രാത്രി എട്ടുമണി വരെ സംസ്കരിയ്ക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ഇന്നലെ പുലർച്ചെയാണ് കേസിലെ നാല് പ്രതികളും പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. വിവിധ സംഘടനകളിൽ പ്രവർത്തിയ്ക്കുന്ന ഒമ്പത് പേർ ചേർന്ന് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിൽ ഇന്ന് വിശദമായ വാദം കേൾക്കും. പ്രതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തതിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രതികളുടെ മരണം പൊലീസ് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ്, ഹർജി കോടതിയിലെത്തിയത്. ഹൈദരബാദിന് സമീപത്തെ ചദൻ പള്ളിയിലാണ്, ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം, പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ചത്. കേസിൽ അറസ്റ്റിലായ ലോറി ഡ്രൈവർ ആരിഫ് ഖാൻ, ക്ലീനർമാരായ ശിവ, നവീൻ, ചന്ന കേശവുലു എന്നിവരാണ് പൊലീസ് ഏറ്റുമുട്ടലിൽ മരിച്ചത്. തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ, പ്രതികളിൽ രണ്ടു പേർ പൊലീസുകാരെ ആക്രമിച്ച്, തോക്ക് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിയ്ക്കുകയായിരുന്നുവെന്നും ഇവരുടെ ആക്രമണത്തെ പ്രതിരോധിയ്ക്കാനായിരുന്നു വെടിയുതിർത്തത് എന്നുമായിരുന്നു പൊലീസിന്‍റെ വിശദീകരണം.