സാങ്കേതിക സര്‍വകലാശാല പുനര്‍മൂല്യ നിര്‍ണയ വിവാദത്തില്‍ ഗവര്‍ണര്‍ ഹിയറിങ് നടത്താന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഗവർണ്ണർ തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നതായും അത് ഗവർണ്ണറുടെ നയപരമായ തീരുമാനമാണെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.
സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ പരീക്ഷാപേപ്പര്‍ മൂന്നാമതും പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ സര്‍വകലാശാലാ അദാലത്തില്‍ നിര്‍ദേശം നല്കിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നടപടി അധികാര പരിധിയുടെ ലംഘനമെന്നാണ് ഗവര്‍ണറുടെ സെക്രട്ടറിയുടെ കണ്ടെത്തല്‍. ഗുരുതര പരാമര്‍ശമടങ്ങിയ ഈ റിപ്പോര്‍ട്ടിനെ ഏതോ ഒരു അണ്ടര്‍ സെക്രട്ടറിയുടെ നടപടിയായി വിശേഷിപ്പിക്കുകയായിരുന്നു മന്ത്രി കെ.ടി ജലീല്‍.
എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദമായ പരിശോധനയിലേക്ക് ഗവര്‍ണര്‍ കടക്കുന്നുവെന്നാണ് ഹിയറിങ്ങ് നടത്താന്‍ തീരുമാനിച്ചതിലൂടെ മനസിലാകുന്നത്. സേവ് യൂനിവേഴ്സിറ്റി കാമ്പയിന് കമ്മറ്റിക്ക് വേണ്ടി ആര്.എസ് ശശികുമാര്‍, എം ഷാജര്‍ഖാന്‍ എന്നിവരാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഇവരില്‍ നിന്ന് ഗവര്‍ണര്‍ നേരിട്ട് പരാതി കേള്‍ക്കും. സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍, പരീക്ഷയെഴുതിയ വിദ്യാര്‍ഥി എന്നിവരുടെ ഭാഗവും കേള്‍ക്കും. ഗവര്‍ണറുടെ സെക്രട്രറിയുടെ പ്രതികൂല റിപ്പോര്‍ട്ടിന് പിന്നാലെ ഗവര്‍ണര്‍ ഹിയറിങ് നടത്താന്‍ കൂടി തീരുമാനിച്ചത് സര്‍ക്കാരിന് തലവേദനയുണ്ടാക്കിയിട്ടുണ്ട്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് പ്രതികൂല പരാമര്‍ശങ്ങളുണ്ടായാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് മന്ത്രി കെ.ടി ജലീലിന് വെല്ലുവിളിയാകും.
അതിനിടെ ചെങ്ങന്നൂരിൽ മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ്സിന്റെ പ്രതിഷേധവുമുണ്ടായി.