ഈ ലോകത്തെ കിരീടങ്ങളെല്ലാം കാല്‍കീഴിലാക്കിയ സുല്‍ത്താന്‍. അവന് തകര്‍ക്കാത്ത പ്രതിരോധ കോട്ടകളില്ല, അവന് മുന്നില്‍ കീഴടങ്ങാത്ത തന്ത്രങ്ങളില്ല, അവന് മുന്നില്‍ തലകുനിക്കാത്ത മാനേജര്‍മാരില്ല, കാല്പന്ത് കളിയുടെ ഒരേ ഒരു രാജാവ് ലിയോണല്‍ ആന്ദ്രേ മെസി, തന്റെ കരിയറിലെ ആറാം ബാലണ്‍ ഡി ഓര് സ്വന്തമാക്കിയിരിക്കുകയാണ്.
അവന്റെ മായാജാലത്തെ വര്‍ണിക്കാന്‍ വര്‍ണനകള്‍ക്ക് ശേഷിയില്ല. അതുകൊണ്ടാണ് പെപ് പറഞ്ഞത് അവനെക്കുറിച്ച് എഴുതാതിരിക്കൂ. അവനെ വിലയിരുത്താതിരിക്കൂ. അവനെ കേവലം ആസ്വദിച്ചുകൊണ്ടിരിക്കൂ എന്ന്. പ്രായം തളര്താത്ത മെസിയുടെ മായാജാലത്തില്‍ പലതവണ അത്ഭുതം കൂറിയിട്ടുണ്ട് ഫുട്ബോള്‍ ലോകം. കഴിഞ്ഞ സീസണിലും പതിവുപോലെ മെസി ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്, ചാമ്പ്യന്‍സ് ലീഗ് ടോപ് സ്കോറര്‍, ലാലീഗ ടോപ് സ്കോറര്‍, ലാലീഗയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ്, ലാലീഗയിലെ ഏറ്റവും മികച്ച ഗോള്‍, ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച ഗോള്‍, ഏറ്റവും മികച്ച പ്ലേ മേക്കര്‍ പുരസ്കാരം, ഫിഫയുടെ ഏറ്റവും മികച്ച താരം, ബാലണ്‍ ഡി ഓര് എല്ലാത്തിനും ഒരേ ഒരു പേര് ലിയോണല്‍ മെസി.
രണ്ടാം സ്ഥാനത്ത് ലിവര്‍പൂളിന്റെ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡൈക്കാണ്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ പ്രതിരോധം കോട്ടപോലെ കാത്തതില് വാന്‍ ഡൈക്കിന്റെ സാന്നിധ്യം അനിഷേധ്യമാണ്. കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു, യു.ഇ.എഫ്.എയുടെ ഏറ്റവും മികച്ച താരമായും തെരെഞ്ഞെടുക്കപ്പെട്ട വാന്‍ ഡൈക്ക് ബാലണ്‍ ഡി ഓറിനായി മെസിക്കൊപ്പം തന്നെയുണ്ടായിരുന്നു.
ഇതോടെ ആറ് ബാലണ്‍ ഡി ഓര് നേടുന്ന ഏകതാരമായി മാറിയിരിക്കുകയാണ് മെസി. അഞ്ച് ബാലണ്‍ ഡി ഓറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പിന്നില്‍. 2009,2010,2011,2012,2015 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് മെസി ബാലണ്‍ ഡി ഓര് ഉയര്‍ത്തിയത്.