ഡിസംബര്‍ എട്ടിന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ – വെസ്റ്റിന്‍ഡീസ് ട്വന്റി 20 മത്സരത്തിന്റെ 67 ശതമാനം ടിക്കറ്റുകളും വിറ്റ് തീര്‍ന്നു. മൂന്ന് നാല് ദിവസത്തിനുള്ളില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് കെസിഎയുടെ പ്രതീക്ഷ.
കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് ആദ്യം മുതല്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്നലെ രാത്രി വരെ 67 ശതമാനം ടിക്കറ്റുകളാണ് വിറ്റ് പോയത്. മലയാളി താരം സഞ്ജു വി സാംസണെ ആദ്യം ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ടിക്കറ്റ് വില്‍പ്പനെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരിന്നു. ശിഖര്ധാവന് പരിക്ക് പറ്റി പകരം സഞ്ജു ടീമില്‍ ഇടം പിടിച്ചതോടെ ആരാധകരുടെ പ്രതീക്ഷയും ആവേശവും കൂടിയെന്നാണ് ടിക്കറ്റ് വില്‍പ്പന കാണിക്കുന്നത്. 1000,2000,3000,5000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ആകെ 32000 ടിക്കറ്റുകളാണ് കാണികള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഓണ്‍ലൈനിലൂടെ മാത്രമാണ് ടിക്കറ്റുകള്‍ ലഭിക്കുന്നത്. കെ.സി.എ വെബ്സൈറ്റിലെ ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ വാങ്ങാം. അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റുകള്‍ ലഭിക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ ഡ്രസിംങ് റൂമുകളും, മറ്റ് സൌകര്യങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കി വരികയാണ്. എട്ടാം തീയതി വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. വൈകിട്ട് നാല് മണി മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ കഴിയും.