India National

മഹാരാഷ്ട്രയുടെ കാര്യത്തില്‍ ഇന്നൊരു തീരുമാനമാകും

മഹാരാഷ്ട്ര സർക്കാര്‍ രൂപീകരണ കേസില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. ഗവർണറുടെ നടപടി ചോദ്യം ചെയ്തും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചുമായിരുന്നു ശിവസേന – എന്‍.സി.പി – കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഹരജി. സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുവദിച്ച സമയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചാല്‍ ത്രികക്ഷി സഖ്യത്തിന് തിരിച്ചടിയായേക്കും.

54 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് എന്‍.സി.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അജിത് പവാര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ചതെന്ന് ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടി തുഷാര്‍ മെഹ്ത ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നു. രേഖകളുടെ ആധികാരികത പരിശോധിക്കേണ്ടുന്ന ഉത്തരവാദിത്വം ഗവര്‍ണര്‍ക്കില്ലെന്നും ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ഇന്നലെ വാദിച്ചു.

എന്‍.സി.പി എം.എല്‍.എമാരുടെ കത്ത് അജിത് കുമാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് ഹരജിക്കാരായ ശിവസേന – എന്‍.സി.പി – കോണ്‍ഗ്രസ് കക്ഷികൾക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‍വി ഉന്നയിച്ച മറുവാദം. എന്‍.സി.പിയുടെ 54 എം.എല്‍.എമാരും മഹാ വികാസ് അഖാ‍ഡിക്ക് പിന്തുണ അര്‍പ്പിച്ചിട്ടുണ്ടെന്നും സിങ്‍വി ഇന്നലെ വാദിച്ചിരുന്നു.

ഇരുപക്ഷവും ഭൂരിപക്ഷം അവകാശപ്പെട്ട സ്ഥിതിക്ക് വിശ്വാസ വോട്ടെടുപ്പാണ് കോടതിക്ക് മുന്നിലുള്ള പരിഗണന വിഷയമെന്ന് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ‌ബഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഗവർണർ അനുവദിച്ച 14 ദിവസത്തെ സമയ പരിധിയിൽ കോടതി ഇടപെടരുതെന്ന എതിര്‍കക്ഷികളുടെ വാദം കോടതി അംഗീകരിച്ചാൽ ത്രികക്ഷി സഖ്യത്തിന് തിരിച്ചടിയായേക്കും.