India National

ഐ.ഐ.ടി മരണം; പരീക്ഷ തീര്‍ന്നതിന് ശേഷം പ്രക്ഷോഭം തുടരാന്‍ ധാരണ

മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കാംപസിനകത്ത് തൽക്കാലം സമരം വേണ്ടെന്ന് സംയുക്ത ആക്ഷൻ കമ്മിറ്റി തീരുമാനം. ഇന്നലെ രാത്രിയിൽ ചേർന്ന യോഗത്തിലാണ് വിദ്യാർത്ഥികൾ ഈ നിലപാടെടുന്നത്. ഐ.ഐ.ടിയിൽ പരീക്ഷകൾ നടക്കുന്ന സമയമായതിനാലാണ് പ്രതിഷേധം മാറ്റിവച്ചത്.

അടുത്തയാഴ്ച പരീക്ഷ തീർന്നാലുടൻ ആക്ഷൻ കമ്മിറ്റി യോഗം ചേർന്ന് തുടർ പ്രക്ഷോഭ പരിപാടികൾ തീരുമാനിയ്ക്കും. ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഡയറക്ടർ നിഷേധിച്ച സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ തുടർ പ്രക്ഷോഭ പരിപാടികൾക്കായി സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്.

അന്വേഷണം സി.ബി.ഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്ന സർക്കാർ നിലപാടിനെ തുടർന്ന്, എൻ.എസ്.യു നൽകിയ ഹർജി ഹൈക്കോടതി ഇന്നലെ മാറ്റി വച്ചിരുന്നു. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ തുടരാനാണ് മലയാളി അസോസിയേഷനുകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും തീരുമാനം.