കവളപ്പാറയിലെ ദുരിത ബാധിതരെ സർക്കാർ അവഗണിക്കുന്നെവെന്നാരോപിച്ച് മുസ്ലിം ലീഗ് നടത്തുന്ന ലോങ് മാർച്ചിന് നാളെ തുടക്കമാകും. കവളപ്പാറയിൽ നിന്നും കളക്ട്രേറ്റ്ലേക്ക് നടത്തുന്ന മാർച്ച് അഞ്ച് ദിവസം നീണ്ടു നിൽക്കും. സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നത്. മുഴുവന്‍ ദുരിത ബാധിതര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക. ഗവ: പ്രഖ്യാപിച്ച സഹായം നല്‍കുന്നതിലെ വീഴ്ചക്ക് പരിഹാരം കാണുക. നഷ്ടപരിഹാര വിതരണത്തിലെ അപാകതയും വിവേചനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോങ് മാർച്ച്.
പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച കവളപ്പാറയില്‍ നിന്ന് കലക്ട്രേറ്റിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. നിയമത്തിന്റെ നൂലാമാലകള്‍ ചുണ്ടിക്കാട്ടി പ്രകൃതിദുരന്തത്തിന്റെ ഇരകളോട് സര്‍ക്കാര്‍ അലംഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കുയാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. പോത്തുകല്‍ ടൗണിൽ ഈ മാസം 24 ന് വൈകുന്നേരം നാലു മണിക്കാണ് ലോങ് മാര്‍ച്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം. ലോങ് മാർച്ചിന് സമാപനം കുറിച്ച് 28 ന് കലക്ട്രേറ്റിലേക്കുള്ള മാര്‍ച്ചിൽ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലെയും പ്രവര്‍ത്തകര്‍ അണിനിരക്കും. മാര്‍ച്ചിന്റെ ഭാഗമായി എട്ടിടങ്ങളിൽ പൊതു സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും സ്വീകരണ കേന്ദ്രങ്ങളിൽ നാടക പ്രദർശനമുൾപ്പടെ വിവിധ പരിപാടികൾ ഒരുക്കുമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.