മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ശിവസേന. രാഷ്ട്രപതി ഭരണത്തിന് കീഴില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി അധികാരത്തില്‍ തിരിച്ചെത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന ആരോപണവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി മുഖപ്പത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് മുന്‍ സഖ്യകക്ഷിയ്ക്കെതിരെ ശിവസേന കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ബി.ജെ.പിയ്ക്ക് 119 എം.എല്‍.എമാരുടെ (14 സ്വതന്ത്രര്‍ ഉള്‍പ്പടെ) പിന്തുണയുണ്ടെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ളവരുടെ പ്രസ്താവനകള്‍ക്കുള്ള മറുപടിയാണ് ലേഖനം.
ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ഇപ്പോള്‍ പറയുന്നവര്‍ നേരത്തെ ഗവര്‍ണറെ കണ്ട് തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കിയതാണെന്ന് മുഖപ്രസംഗം പറയുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ആദ്യം ഗവര്‍ണര്‍ ക്ഷണിച്ചപ്പോള്‍ തങ്ങള്‍ക്ക് അതിനുള്ള ഭൂരിപക്ഷമില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു രാഷ്ട്രപതി ഭരണത്തിന് കീഴില്‍ എങ്ങനെയാണ് ബി.ജെ.പിയ്ക്ക് മുമ്ബ് ഇല്ലാതിരുന്ന ഭൂരിപക്ഷം ഉണ്ടായതെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ ക്രിക്കറ്റ് കളിയോട് ഉപമിച്ച കേന്ദ്രമന്ത്രി നിധിന് ഗഡ്കരിയെയും മുഖപ്രസംഗത്തില്‍ ശിവസേന പരിഹസിക്കുന്നു. ക്രിക്കറ്റിലും രാഷ്രീയത്തിലും എന്തും സംഭവിക്കാമെന്നും ചിലപ്പോള്‍ നമ്മള് കരുതുന്നതിലും അപ്പുറത്താകും ഫലമെന്നുമുള്ള ഗഡ്കരിയുടെ പരാമര്‍ശത്തെയും ലേഖനം വെറുതെ വിടുന്നില്ല. ഈ കളിയില്‍ ബി.ജെ.പി ഒത്തുകളിച്ച് വിജയിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മറുപടി.
288 അംഗ നിയമസഭയില്‍ 105 അംഗങ്ങളുള്ള ബിജപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് 56 അംഗങ്ങളും എന്‍സിപിക്ക് 54 അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസിന് 44 അംഗങ്ങളള്‍ ഉണ്ട്. ആദ്യ മൂന്ന് കക്ഷികളെയും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ക്ഷണിച്ചിരുന്നെങ്കിലും ആര്‍ക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.