നിര്‍ണായകമായ ശബരിമല വിധിക്ക് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞ.
കഴിഞ്ഞ മണ്ഡല കാലത്ത് സുപ്രീംകോടതി വിധിയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡായിരുന്നു. പുതിയ വിധിയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനിടയിലാണ് ബോര്‍ഡ് പ്രസിഡന്റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യ ബോര്‍ഡ് യോഗത്തില്‍ ഇന്നലത്തെ സുപ്രീംകോടതി വിധിയും ചര്‍ച്ചക്ക് വരും. സുപ്രീംകോടതി വിധിയില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വ്യക്തത വന്നശേഷമേ ബോര്‍ഡ് തുടര്‍നടപടികളിലേക്ക് കടക്കാന്‍ സാധ്യതയുള്ളൂ.
മണ്ഡല കാലത്തിന്റെ ഒരുക്കങ്ങള്‍ ബോര്‍ഡ് യോഗം വിലയിരുത്തും. ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റെയും അംഗം കെ.പി ശങ്കരദാസിന്റെയും ഭരണ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് എന്‍ വാസുവിനേയും കെ.എസ് രവിയെയും നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.