India Kerala

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ യു.ഡി.എഫിന്റെ കെ.ആര്‍ പ്രേംകുമാര്‍

കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കോൺഗ്രസ് കൗൺസിലർ കെ.ആര്‍ പ്രേംകുമാറിനെ തെരഞ്ഞെടുത്തു. 73 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് 37 വോട്ടുകൾ നേടിയപ്പോൾ എല്‍.ഡി.എഫിന് 34 വോട്ടുകൾ ലഭിച്ചു. രണ്ട് കൗൺസിലർമാരുള്ള ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷൻ കൗണ്‍സിലറാണ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട കെ.ആര്‍ പ്രേംകുമാർ. മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൌണ്‍സിലര്‍ ഗീതാപ്രഭാകറടക്കം ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്നു. ഇതോടെ പ്രതീക്ഷിച്ച 37 വോട്ടുകളും യു.ഡി.എഫിന് തന്നെ ലഭിച്ചു.

പ്രതിപക്ഷ നേതാവ് കൂടിയായ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ ആന്റണിക്ക് 34 വോട്ടുകളാണ് ലഭിച്ചത്. ഡെപ്യൂട്ടി മേയറായിരുന്ന ടി. ജെ വിനോദ് എം.എല്‍.എയായി വിജയിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മേയര്‍ മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഗ്രസിൽ സജീവമാകും.