കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അട്ടിമറിക്കുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ.
ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് എം.എൽ.എയായ സാഹചര്യത്തിലാണ് ആ സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് നടക്കുന്നത്. കൗൺസിൽ ഹാളിൽ രാവിലെ 11ന് ജില്ലാ വരണാധികാരി കൂടിയായ കലക്ടർ എസ്. സുഹാസിന്റെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെപ്പ് നടക്കുക. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷനിലെ കൗണ്‍സിലര്‍ കെ.ആര് പ്രേംകുമാറാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.
മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ വിഭാഗീയതകള്‍ പരിഹരിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇടഞ്ഞ് നിന്ന സ്വതന്ത്ര കൌണ്‍സിലര്‍ ഗീതാ പ്രഭാകറിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതോടെ തെരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. അതേസമയം അവസാന നിമിഷം അട്ടിമറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണിയാണ് എല്‍.ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.
74 അംഗ കൌണ്സിലില് യു.ഡി.എഫിന് 37ഉം എല്‍.ഡി.എഫിന് 34 ഉം കൊണ്സിലര്മാരുമാണുള്ളത്. സ്വതന്ത്ര കൌണ്‍സിലര്‍മാരടക്കം മൂന്ന് പേരുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്.