രാജ്യം തെരഞ്ഞടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ കാർഷിക ഇന്ത്യയുടെ ഹൃദയ ഭൂമിയായ പഞ്ചാബിൽ ചർച്ചയാകുക കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും. സംസ്ഥാനത്തെ 13 ലോക്സഭാ സീറ്റുകളില്‍ മത്സരത്തിന് കളമൊരുങ്ങുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യം വെക്കുന്നതും കർഷക-യുവ വോട്ടുകളാണ്.
രാജ്യത്തിന്റെ ധാന്യപ്പുരയായിരുന്നു പഞ്ചാബ്. എന്നാൽ ഇന്ന് അത് പഴങ്കഥയായി മാറിയിരിക്കുന്നു. വിലത്തകര്‍ച്ചയും വിളക്കുറവും കര്‍ഷകരെ കണ്ണീര് കുടിപ്പിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. അതിന് പിന്നാലെ നോട്ടുനിരോധനവും ജി.എസ്.ടിയും കര്‍ഷകരുടെ നടുവൊടിച്ചു. ഗോതമ്പ് പാടങ്ങളിലെ കൊയ്ത്തുപാട്ടുകളുടെ ആഹ്ലാദാരാവം കര്‍ഷകന്റെ കണ്ണീരിന് വഴിമാറി. 16,606 കര്‍ഷകരാണ് ഒന്നര പതിറ്റാണ്ടിനിടെ പഞ്ചാബില്‍ ജീവനൊടുക്കിയത്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, വിത്തിനും കീടനാശിനികളുടെയും വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. വൻ തുക കടമെടുത്ത് കൃഷി ഇറക്കുന്ന സാധാരണക്കാർക്ക് കൃഷിച്ചെലവ് പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണുള്ളത്.
ഗോതമ്പും ഉരുളക്കിഴങ്ങും ചോളവും കരിമ്പുമാണ് പഞ്ചാബിലെ പ്രധാന കാര്‍ഷിക വിളകള്‍. അയല്‍ രാജ്യമായ പാകിസ്ഥാനാണ് പ്രധാന വിപണി. എന്നാല്‍ തുടര്‍ച്ചയായ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പാക് വിപണി സാധ്യതകളെ വലിയ തോതില്‍ ബാധിച്ചു. ആഭ്യന്തര വിപണിയിലെ വിലത്തകര്‍ച്ചക്കൊപ്പം അതിര്‍ത്തി സംഘര്ഷങ്ങളുണ്ടാക്കിയ അസ്വസ്ഥതകള്‍ കൂടി പഞ്ചാബിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കാര്‍ഷിക മേഖലയിലെ മാന്ദ്യം തൊഴില്‍ രംഗത്തും പ്രകടമാണ്. 16.8 ശതമാനമാണ് പഞ്ചാബിലെ തൊഴിലില്ലായ്മ നിരക്ക്. ദേശീയ ശരാശരി 11.6 ശതമാനം മാത്രമാണ്. മയക്കുമരുന്നിന് അടിമകളാകുന്നവരില്‍ കൂടുതലും തൊഴില്‍ രഹിതരായ യുവാക്കളാണ് എന്ന പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്.
തൊഴില്‍ രംഗത്തും കാര്‍ഷിക മേഖലയിലുമുണ്ടായ ഈ തിരിച്ചടി യുവാക്കളെയും കര്‍ഷകരെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഒരു കാര്‍ഷിക സംസ്ഥാനമെന്ന നിലയില്‍ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വിഷയങ്ങളും ഇത് തന്നെയാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-അകാലിദള്‍ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയും ഈ വിഭാഗങ്ങളുടെ അതൃപ്തിയുടെ ഫലമായിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രധാന ചര്‍ച്ചാ വിഷയം കാര്‍ഷിക പ്രശ്നങ്ങള്‍ തന്നെയാകും.
അത് കൊണ്ട് തന്നെ കര്‍ഷകരെ ഒപ്പം നിര്‍ത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്താണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. മറ്റ് പ്രധാന കക്ഷികളായ അകാലിദളും ആം ആദ്മിയും കര്‍ഷകരെ ലക്ഷ്യം വെച്ചുള്ള പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ചുരുക്കത്തില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ തന്നെയാകും പഞ്ചാബില്‍ ഈ തെരെഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം.