നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തുനീക്കിയത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുദ്രാവാക്യം വിളിച്ചു. നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഇതുവരെ കരകയറാനായിട്ടില്ല. 105 പേര്‍ക്ക് ജീവന് നഷ്ടമായി. രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ച മോദി സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീനിവാസ് ആവശ്യപ്പെട്ടു.
2016 നവംബര്‍ 8നാണ് മോദി സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചത്. നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നോട്ട് നിരോധനം ദുരന്തമായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. അതിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കുമോയെന്നും പ്രിയങ്ക ചോദിച്ചു.