Entertainment

ദൃശ്യം രണ്ടാം ഭാഗം പരിഗണനയിലുണ്ട്, ജീത്തുവിന്റെ കഥ മോഹന്‍ലാല്‍ കേട്ടു

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് മോഹന്‍ലാല്‍ ചിത്രം ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന്‍ എന്ന കഥാപാത്രം കലാഭവന്‍ ഷാജോണിനും കരിയറില്‍ നാഴികക്കല്ലായി. കഴിഞ്ഞ ദിവസം ശ്യാം എന്ന പ്രേക്ഷകന്‍ സഹദേവന്‍ എന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്കു ശേഷം ദൃശ്യത്തിലെ കേസില്‍ തെളിവ് കണ്ടെത്തുന്നത് പ്രമേയമാക്കി നല്‍കിയ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് കഴിഞ്ഞ സഹദേവന്റെ ബന്ധുക്കള്‍ മണ്ണിനടിയിലാകുന്നതും വീട് നിന്ന സ്ഥലം വളര്‍ത്തുനായ കണ്ടെത്തുന്നതുമാണ് ഈ കഥയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്ബ് വരുണിന്റെ മൃതദേഹം ജോര്‍ജ്കുട്ടി എവിടെ കുഴിച്ചിട്ടുവെന്ന തെളിവ് സഹദേവന് ലഭിക്കുകയാണ്. ഈ കഥ വായിച്ച്‌ ജീത്തു ജോസഫും കലാഭവന്‍ ഷാജോണും ശ്യാമിനെ വിളിച്ച്‌ അഭിനന്ദിച്ചിരുന്നു. ദൃശ്യത്തിന് രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടോ എന്ന ചര്‍ച്ചകളും ഇതിനൊപ്പം ഉയര്‍ന്നുവന്നു. ഇക്കാര്യത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍.

‘ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചൊരു ചിന്തയുണ്ടെന്ന് ഒരിക്കല്‍ ലാലേട്ടന്‍ എന്നോടു സൂചിപ്പിച്ചിരുന്നു. അക്കാര്യം ജീത്തു ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കഥ കേട്ടുവെന്നും അത് നന്നായിട്ടുണ്ടെന്നും ലാലേട്ടന്‍ പറഞ്ഞിരുന്നു. പിന്നെ അതിനെക്കുറിച്ചൊന്നും എനിക്ക് അറിഞ്ഞുകൂടാ! ഒരുപക്ഷേ, അതിന്റെ വര്‍ക്ക് നടക്കുന്നുണ്ടാകാം. എന്തായാലും രണ്ടാം ഭാഗത്തിന് സാധ്യതയുള്ളതാണ് ആ ചിത്രം’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞു. ഏതായാലും ജീത്തു അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് നായകനാകുന്നത്. തൃഷയാണ് നായികയാകുക. ഈ വര്‍ഷം തന്നെയോ അടുത്ത വര്‍ഷം ആദ്യമോ ഈ ചിത്രം തുടങ്ങും. ത്രില്ലര്‍ തന്നെയാണ് ഇതും എന്നാണ് സൂചന. എന്നാല്‍ ദൃശ്യം2ന് ആലോചിച്ച പ്രമേയം മാറ്റിയെടുത്തതാണോ എന്ന് വ്യക്തമല്ല.