ആര്.സി.ഇ.പി കരാറില്‍ (സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍) ഇന്ത്യ ഒപ്പുവെക്കില്ല. ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാത്തതിനാല്‍ കരാറുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇന്ത്യ ആസിയാന്‍ രാഷ്ട്രങ്ങളെ അറിയിച്ചു. ചൈനയിൽ നിന്നുള്ള ക്രമാതീത ഇറക്കുമതി തടയുന്നത് ഉൾപ്പെടെ ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങൾ അംഗരാജ്യങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിലെ ആർ.സി.ഇ.പി ചർച്ചകളിൽ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പങ്കെടുത്തിരുന്നു. രാജ്യത്തിനകത്തും കരാറിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്നലെ ആസിയാന്‍ സമ്മിറ്റിനായി ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കരാര്‍ നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും സ്വീകാര്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ മുന്നോട്ടുവെക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യ കരാറില്‍ നിന്ന് പിന്മാറിയത്.
ചൈന ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങള്‍ കരാറുമായി മുന്നോട്ടുപോകും. ഇന്ത്യക്ക് ഇനിയും കരാറിന്റെ ഭാഗമാകാമെന്ന് ചൈനീസ് വാണിജ്യമന്ത്രി പ്രതികരിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി വരെയാണ് ഇന്ത്യക്ക് സമയം നല്‍കിയിരിക്കുന്നത്.