Entertainment

പേടിപ്പിക്കാന്‍ ‘ഡ്രാക്കുള’ വീണ്ടുമെത്തുന്നു

നോവലുകളിലൂടെയും സിനിമകളിലൂടെയും വായനക്കാരെയും കാഴ്ച്ചക്കാരെയും ഒരുപോലെ വിറപ്പിച്ച രക്തദാഹിയായ കഥാപാത്രമാണ് ഡ്രാക്കുള. ഭയത്തിന്റെ പുത്തന്‍ കാഴ്ച്ചകളുമായി ഒരിക്കല്‍ കൂടി ഡ്രാക്കുള എത്തുകായണ്.

ഇത്തവണ ടിവി സീരീസ് രൂപത്തിലാണ് ഡ്രാക്കുള വീണ്ടും ലോകത്തിന് മുമ്പിലേക്കെത്തുന്നത്. സീരീസിന്റേതായി പുറത്തിറങ്ങിയ ടീസര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.

ബിബിസി ചാനലാണ് ഡ്രാക്കുളയുടെ ടിവി സീരീസൊരുക്കുന്നത്. വെബ് പോര്‍ട്ടലായ നെറ്റ്ഫ്‌ളിക്‌സാണ് സീരീസിന്റെ നിര്‍മ്മാതാക്കള്‍.

ഷെര്‍ലോക്ക് എന്ന സൂപ്പര്‍ഹിറ്റ് സീരിസിന്റെ മേക്കേര്‍സാണ് ‘ഡ്രാക്കുള’യുടെ പിന്നണിയിലും പ്രവര്‍ത്തിക്കുന്നത്. മാര്‍ക് ഗറ്റിസ്, സ്റ്റിവെന്‍ മൊഫാറ്റ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന സീരീസ് മൂന്ന് ഭാഗങ്ങളായാവും എത്തുക. നടന്‍ ക്ലെയ്‌സ് ബാങാവാണ് ഡ്രാക്കുളയെ അവതരിപ്പിക്കുന്നത്.

1897-ലാണ് വിശ്വവിഖ്യാതമായ ഡ്രാക്കുള എന്ന നോവല്‍ ആദ്യമായി പുറത്തിറങ്ങുന്നത്. ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കറുടെ ഭാവനയില്‍ പിറവി കൊണ്ട രക്ത ദാഹിയായ കഥാനായകനാണ് ഡ്രാക്കുള. ഭയത്തിന്റെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിക്കാന്‍ എന്നും ഡ്രാക്കുള കഥാപാത്രങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

1931 ലാണ് ഡ്രാക്കുളയെ കുറിച്ചുള്ള ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. പിന്നീട് പലപ്പോഴായി 220 ഓളം ചിത്രങ്ങളില്‍ ഡ്രാക്കുള കഥാപാത്രമായി എത്തിയിട്ടുണ്ട്. ഇതില്‍ ക്രിസ്റ്റഫര്‍ ലീ ഡ്രാക്കുളയായി അഭിനയിച്ച്‌ 1958 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ഓഫ് ഡ്രാക്കുളയാണ് ഏറെ പ്രസിദ്ധമായ ചിത്രം.