അറബിക്കടലില്‍ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുന്നു. ഇതിന്റെ ഫലമായി കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റ് ഉച്ചയോടെയാണ് ശക്തിപ്രാപിച്ചത്. തീവ്ര ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഇതോടെ സംസ്ഥാനത്താകെ മഴ ശക്തമായി. നേരത്തെ നാല് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് 10 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. അതി തീവ്രമഴ പെയ്യാനിടയുള്ളതിനാല്‍ ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ടാണ്.
തീര-മലയോര മേഖലകളില്‍ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. മത്സ്യബന്ധനത്തിന് പൂര്‍ണമായ നിരോധം ഏര്‍പ്പെടുത്തിയത് നാല് ദിവസം കൂടി പ്രാബല്യത്തിലുണ്ടാവും. നാളെ വടക്കന്‍ ജില്ലകളിലാണ് അതിശക്തമായ മഴ ലഭിക്കുക. മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിയിച്ചു.
ബേപ്പൂർ തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക് യാത്രാഗതാഗതം പൂർണമായും നിർത്തിവെച്ചു. ലക്ഷദ്വീപിൽ നങ്കൂരമിടാൻ കഴിയാത്തതിനെ തുടർന്ന് മൂന്ന് ചരക്കുകപ്പലുകൾ ബേപ്പൂർ തുറമുഖത്ത് തിരിച്ചെത്തി.