India

ദീപാവലിക്ക് തോക്കു പൊട്ടിച്ച് വ്യവസായ കുടുംബം; അന്വേഷണം ആരംഭിച്ചു

ശബ്ദമുഖരിതമായാണ് ഇന്ത്യയിലുടനീളം ദീപാവലി കൊണ്ടാടാറുള്ളത്. സാധാരണ വീര്യം കുറഞ്ഞ വെടിമരുന്ന് പടക്കങ്ങളും മറ്റുമാണ് ഉപയോഗിക്കാറുള്ളതെങ്കിലും ആഘോഷം പൊലിപ്പിക്കാന്‍ ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ വ്യവസായ കുടുംബം സ്വീകരിച്ച മാര്‍ഗ്ഗം അല്‍പ്പം കടന്നു പോയി. തോക്കുപയോഗിച്ചാണ് ഇവര്‍ ഇത്തവണത്തെ ദീപാവലി ആഘോഷം ഗംഭീരമാക്കിയത്.

ഭാര്യയും ഭര്‍ത്താവും വായുവിലേക്ക് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോകളിലൂടെയാണ് സംഭവം പുറം ലോകത്തെത്തിയത്. വ്യവസായിയുടെ ഭാര്യ വായുവിലേക്ക് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് ഒരു വീഡിയോയിലുള്ളത്. അതും സ്വന്തം മക്കള്‍ തൊട്ടടുത്ത് നില്‍ക്കുമ്പോഴാണ് യുവതി തോക്കുപയോഗിച്ചത്. ഇതാണ് സംഭവത്തെ കൂടുതല്‍ ഗൌരവകരമാക്കിയത്.

ബോളിവുഡ് സിനിമ “ഷോലെ” യിലെ പ്രശസ്തമായ “തേര ക്യ ഹോഗ കാലിയ” എന്ന ഡയലോഗ് ഉറക്കെപ്പറഞ്ഞ് വ്യവസായിയും വായുവിലേക്ക് വെടിയുതിര്‍ക്കുന്നതായി മറ്റൊരു വീഡിയോയിലുണ്ട്.

ലഭ്യമായ വിവരമനുസരിച്ച് ബറേലിയിലെ ഇസ്സത്ത് നഗറില്‍ താമസിക്കുന്ന അജയ് മേത്തയാണ് ഈ വ്യവസായി. സംഭവത്തെ തുടര്‍ന്ന് പരിഭ്രാന്തരായ പ്രദേശ വാസികള്‍ സ്വരക്ഷക്ക് വേണ്ടി വീടിനകത്തേക്ക് ഓടിയൊളിക്കുകയും ചെയ്തു.

വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. എന്നാല്‍ കളിത്തോക്കാണ് തങ്ങള്‍ ഉപയോഗിച്ചതെന്നാണ് വ്യവസായി പോലീസിനോട് പറഞ്ഞത്.

നിലവില്‍ ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉപയോഗിച്ചത് യഥാര്‍ത്ഥ തോക്കാണെന്ന് തെളിഞ്ഞാല്‍ ആഘോഷ വേളയില്‍ വെടിവെപ്പ് നടത്തിയതിനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന്റെ പേരിലും ഇയാള്‍ക്കെതിരെ കേസെടുക്കും.

അന്വേഷണം തുടരുകയാണെന്നും ഇസ്സത്ത്നഗര്‍ കന്റോൺമെന്റ് പോലീസ് സ്റ്റേഷനുകളിൽ മേത്തയുടെ പേരിൽ ഇതു വരെ തോക്കുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇൻസ്പെക്ടർ കെ.കെ വർമ്മ പറഞ്ഞു. പിസ്റ്റൾ ലൈസൻസുള്ളതാണെങ്കിൽ ഇപ്പോൾ തന്നെ അത് റദ്ദാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം ചില സംഭവങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആഘോഷ വേളകളില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് യു.പി സര്‍ക്കാര്‍ വിലക്കിയിരുന്നു.