India Kerala

ആന്‍ലിയയുടെ മരണം; തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് വൈദികന്‍

കൊച്ചി: ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്നത് തെറ്റായ കാര്യമെന്ന് വരാപ്പുഴ അതിരൂപതയിലെ വൈദികന്‍. ആന്‍ലിയക്ക് മാനസികരോഗമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വൈദികന്‍ പറഞ്ഞു. കുടുംബസുഹൃത്തായ വൈദികനെതിരേ ആന്‍ലിയയുടെ പിതാവ് നടത്തിയ ആരോപണത്തെത്തുടര്‍ന്ന് സാമൂഹികമാധ്യമത്തിലടക്കം വൈദികനെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ആന്‍ലിയയുടെ കുടുംബവും തന്റെ കുടുംബവും തമ്മില്‍ വളരെ നല്ലബന്ധമായിരുന്നെന്നും ആന്‍ലിയയുടെ സഹോദരന്‍ അഭിഷേകിനെ തന്റെ മാതാപിതാക്കളായിരുന്നു കുറെ നാള്‍ വളര്‍ത്തിയതെന്നും വൈദികന്‍ പറഞ്ഞു. ആന്‍ലിയയും ജസ്റ്റിനും തമ്മില്‍ നിരന്തരം വഴക്കുണ്ടായിട്ടുണ്ടെന്നത് ശരിയാണ്. ആന്‍ലിയയുടെ ചെലവിനായി ജസ്റ്റിന്‍ പണം നല്‍കിയിരുന്നില്ലെന്നും ഇത് മാതാപിതാക്കളായ ഹൈജിനസിനെയും ലീലാമ്മയെയും അറിയിച്ചിരുന്നെന്നും വൈദികന്‍ പറഞ്ഞ. ആന്‍ലിയയുടെ രക്ഷിതാക്കള്‍ സ്ഥലത്തില്ലായിരുന്നതിനാല്‍ അവരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പലപ്പോഴും പ്രശ്നപരിഹാരത്തിനായി വീട്ടില്‍ ചെന്നിട്ടുണ്ട്. ഒരിക്കല്‍ ജോലിക്കായി ദുബായില്‍ പോകണമെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞ് ജസ്റ്റിന്‍ എത്തിയിരുന്നു. ഇത് ഹൈജിനസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കുറച്ചു സമയത്തിനുള്ളില്‍ ആന്‍ലിയയുടെ ഫോണ്‍കോള്‍ വരുകയും ജസ്റ്റിന്‍ അവിടെയുണ്ടോയെന്ന് തിരക്കുകയും ചെയ്തു. തുടര്‍ന്ന് ‘ഇനി ചേട്ടായി എന്റെ ഒരു കാര്യത്തിലും ഇടപെടരുത്’ എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് ക്ഷമ പറഞ്ഞ് ശബ്ദസന്ദേശവും അയച്ചിരുന്നു. അതേതുര്‍ന്ന് പിന്നീട് ആന്‍ലിയയുടെ മരണംവരെ ഒന്നിലും താന്‍ ഇടപെട്ടിരുന്നില്ലെന്നും വൈദികന്‍ പറഞ്ഞു.