റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി. ടെസ്റ്റ് കരിയറിലെ ആറാം സെഞ്ച്വറിയാണ് രോഹിത് കുറിച്ചത്. ഡാന്‍ പിയറ്റ്നിനെ സിക്സര്‍ പറത്തിയാണ് രോഹിത് ശതകം തികച്ചത്. 130 പന്തില്‍ നിന്ന് 13 ഫോറിന്റെയും നാല് സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു ‘ഹിറ്റ്മാന്റെ’ ഇന്നിങ്സ്.
തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം കരുതലോടെയാണ് രോഹിത് കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ തുടക്കത്തില്‍ ലഭിക്കുന്ന പിച്ചിലെ ആനുകൂല്യം മുതലെടുത്തപ്പോള്‍ ക്യാപ്റ്റന്‍ കോഹ്ലിയടക്കം മൂന്ന് പേര് മടങ്ങി. അപകടം മണത്ത രോഹിത് ബൗളര്‍മാരെ ക്ഷമയോടെ നേരിടുകയായിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗിയര്മാറ്റിയതോടെ സ്കോര്‍ബോര്‍ഡിന് ജീവന്‍വെച്ചു.
ബൗളര്‍മാര്‍ താളം കണ്ടെത്താന്‍ വിഷമിച്ചതോടെ രോഹിത് പതിവ് പോലെ റണ്‍സ് കണ്ടെത്തി. ഒപ്പം സെഞ്ച്വറിയും. ആദ്യ 80 ബോളിൽ രോഹിത് നേടിയത് 40 റൺസായിരുന്നു. പിനീടുള്ള 50 ബോളിൽ നിന്നും അടിച്ചെടുത്തത് 60ന് മേലെ റൺസും. ഈ പരമ്പരയിലെ രോഹിതിന്റെ മൂന്നാം സെഞ്ച്വറിയാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണറാവാനും രോഹിതിനായി. സുനില്‍ ഗവാസ്കറാണ് ഈ നേട്ടത്തില്‍ രോഹിതിനൊപ്പമുള്ളത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെന്ന നിലയിലാണ്. 10 റണ്‍സുമായി രോഹിത് ക്രീസിലുണ്ട്. 60 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് കൂട്ടിന്. ഈ സഖ്യം 146 റണ്‍സിന്റെ കൂട്ടുകെട്ടായി.