India Kerala

വട്ടിയൂര്‍ക്കാവ് പ്രചരണം അവസാന ഘട്ടത്തില്‍; യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എന്‍.എസ്എ.സിന്‍റെ നിലപാട് സംബന്ധിച്ച വിവാദം അവസാനഘട്ടത്തിലെ പ്രധാന അടിയൊഴുക്കാകും. പ്രതിപക്ഷനേതാവിന്‍റെ നേതൃത്വത്തിലാണ് മണ്ഡലത്തില്‍ യു.ഡി.എഫിന്‍റെ മെഗാറോഡ് ഷോ. കലാശക്കൊട്ട് ആവേശകരമാക്കാന്‍ എല്‍ ഡി എഫും ഒരുങ്ങിക്കഴിഞ്ഞു.

മറ്റേത് മണ്ഡലത്തിലുമില്ലാത്ത തരത്തില്‍ പിരിമുറുക്കത്തിലേക്കാണ് വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ പോക്ക്. ആദ്യ ഘട്ടത്തിലെ പ്രചരണ മുന്‍തൂക്കം എല്‍.ഡി.എഫിന് നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യു.ഡി.എഫ് പ്രചരണത്തില്‍ ഒപ്പത്തിനൊപ്പമെത്തി. എന്‍.എസ്.എസ് പിന്തുണ ആദ്യ ഘട്ടത്തില്‍ യു.ഡി.എഫിന് ആവേശമായെങ്കില്‍ അതിനെതുടര്‍ന്നുണ്ടായ വിവാദം അപ്രതീക്ഷിതമായി. എന്‍.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ സി.പി.എം മറുതന്ത്രം പയറ്റി. ഈഴവ, ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകള്‍ അനുകൂലമാക്കാനാണ് എല്‍.ഡി.എഫ് ശ്രമം. വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ യു.ഡി.എഫും തന്ത്രങ്ങള്‍ മെനയുന്നു. 72000 ത്തോളം വരുന്ന എന്‍.എസ്എ.സ് വോട്ടുകളില്‍ മൂന്നില്‍ രണ്ട് അനുകൂലമായാല്‍ തന്നെ വിജയം ഉറപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ കിട്ടിയതില്‍ ഒരു വിഭാഗം വോട്ടുകള്‍ കുറഞ്ഞാല്‍ പോലും കഴിഞ്ഞ തവണ ബി.ജെ.പിക്ക് പോയ മുന്നാക്ക വോട്ട് തിരിച്ചുവരുന്നതോടെ അത് പരിഹരിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. സ്ഥാനാര്‍ഥിയുടെ ജനകീയതയും മണ്ഡലത്തിലെ പുതിയ സാഹചര്യവും വിജയമൊരുക്കുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. പ്രചരണത്തിന്‍റെ അവസാനദിവസം രമേശ് ചെന്നിത്തല, ശശിതരൂര്‍, കെ. മുരളീധരന്‍ തുടങ്ങിയ നേതാക്കളും സിനിമാതാരം ജഗദീഷും അണിനിരക്കുന്ന മെഗാറോഡ് ഷോയാണ് യു.ഡി.എഫ് ഒരുക്കിയിരിക്കുന്നത്. കൊട്ടിക്കലാശം പേരൂര്‍ക്കട ജംഗ്ഷനില്‍ മാത്രമാകും കോണ്‍ഗ്രസ് നടത്തുക. എല്‍.ഡി.എഫ് റോഡ് ഷോയും കൊട്ടിക്കലാശത്തിന്‍റെ മാറ്റ് കൂട്ടും. ബി.ജെ.പിയും ശക്തി തെളിയിക്കാന്‍ രംഗത്തുണ്ടാകും