കൂടത്തായി കൂട്ടകൊലപാതക കേസിലെ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴിയെടുക്കൽ പൂർത്തിയായി. രണ്ട് ദിവസങ്ങളിലായി 20 മണിക്കൂർ സമയമെടുത്താണ് അന്വേഷണ സംഘം ഇരുവരിൽ നിന്നും മൊഴി എടുത്തത്.
പൊന്നാമറ്റം ടോം തോമസിന്റെയും അന്നമ്മയുടെയും മക്കളായ റോജോക്കും റെഞ്ചിക്കും തങ്ങളുടെ മാതാപിതാക്കളുടെയും സഹോദരൻ റോയി തോമസിന്റെയും മരണത്തിൽ തോന്നിയ സംശയമാണ് പരാതിയായി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയത്. ഈ പരാതിയിലുള്ള അന്വേഷണമാണ് കൂടത്തായിയിലെ കൂട്ടമരണത്തിന്റെ ചുരുളഴിച്ചത്. മൊഴി നൽകാൻ പരാതിക്കാരനായ റോജോ അമേരിക്കയിൽ നിന്ന് നേരിട്ടെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിൽ 20 മണിക്കൂർ നേരം അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
ജോളി ഇപ്പോൾ പിടിക്കപ്പെട്ടത് നന്നായെന്നും ഇല്ലെങ്കിൽ താനും സഹോദരിയും റോയിയുടെ മക്കളും കൊല്ലപ്പെട്ടേനെയെന്നും റോജോ പറഞ്ഞു. അന്വേഷണ സംഘത്തിന് വിശദമായ മൊഴി നൽകി. തന്റെ കൈവശമുള്ള രേഖകളും വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും റോജോ പറഞ്ഞു. മൊഴിയെടുക്കൽ പൂർത്തിയായ ശേഷം റോജോയും റെഞ്ചിയും ജോളിയുടെ രണ്ട് മക്കളും നാട്ടിലേക്ക് മടങ്ങി.