താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിൽ ഉണ്ടായ പ്രതിസന്ധി തുടരുന്നു. അവധി ദിനങ്ങൾ അവസാനിച്ചതോടെ ഇന്ന് കൂടുതൽ സർവീസുകൾ റദ്ദാക്കാനാണ് സാധ്യത. ബദൽ സംവിധാനമെന്ന നിലയിൽ താൽക്കാലിക ഡ്രൈവർമാരെ ഒരു ദിവസത്തേക്ക് ജോലിക്ക് വീണ്ടും നിയമിച്ചു.
എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുളള പ്രതിസന്ധി കെ.എസ്.ആര്‍.ടി.സിയിൽ തുടരുകയാണ്.ഇന്നലെ 1300ലേറെ സർവീസുകൾ സംസ്ഥാനത്തൊട്ടാകെ റദ്ദാക്കിയിരുന്നു.അവധി ദിവങ്ങളിൽ സാധാരണയായി 500 മുതൽ 800 വരെ സർവീസുകൾ കെ.എസ്.ആര്‍.ടി.സി വെട്ടിക്കുറക്കാറുണ്ട്.ഇതിന് പുറമേയാണ് ഡ്രൈവർ ക്ഷാമത്തെ തുടർന്നാണ് കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടിവന്നത്.ഷെഡ്യൂളുകൾ മുടങ്ങിയത് ഏറ്റവുമധികം ബാധിച്ചത് തെക്കൻ മേഖലയിലാണ് .700ലേറെ സർവീസുകൾ തെക്കൻ മേഖലയിൽ മാത്രം റദ്ദാക്കി.അവധി പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ താല്‍ക്കാലിക ഡ്രൈവര്‍മാരെ ജോലിയ്ക്ക് നിയമിച്ചിരുന്നില്ല.
ഇന്നലെ രാത്രിയോടെ താൽക്കാലിക ഡ്രൈവർമാരെ വീണ്ടും ഡ്യൂട്ടിയ്ക്ക് നിയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ദീർഘദൂര സർവീസുകൾ ഓടിക്കാനാണ് താൽക്കാലിക ഡ്രൈവർമാരെ നിയമിക്കുന്നത്. .സർവീസുകൾ റദ്ദാക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെയും ബാധിച്ചു. 5 കോടി 10 ലക്ഷത്തോളം രൂപയാണ് ഈയാഴ്ചത്തെ കളക്ഷൻ. കഴിഞ്ഞയാഴ്ചത്തേക്കാൾ 1 കോടി 15 ലക്ഷം രൂപയുടെ കുറവാണ് വരുമാനത്തിലുണ്ടായത്.