India National

പ്രചരണച്ചൂടില്‍ മഹാരാഷ്ട്രയും ഹരിയാനയും; എന്‍.സി.പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞതോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും രാഷ്ട്രീയ പ്രചരണരംഗം ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയില്‍ നാല് തെരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിക്കും. ഒക്ടോബര്‍ 14ന് ഫരീദാബാദ് ജില്ലയിലെ ഭല്ലബ്ഗഡിലാണ് പ്രധാനമന്ത്രിയുടെ ആദ്യ റാലി. ദസറ ആഘോഷത്തില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മഹാരാഷ്ട്രയിലെത്തും. എന്‍.സി.പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും സ്ഥാനാര്‍ഥികളുടെ അന്തിമചിത്രമായി. ഇനി രാഷ്ട്രീയ പ്രചരണത്തിന്റെ നാളുകള്‍. ഹരിയാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ഒക്ടോബര്‍ 14ന് ഫരീദാബാദ് ജില്ലയിലെ ഭല്ലബ്ഗഡിലാണ് പ്രധാനമന്ത്രിയുടെ ആദ്യ റാലി. 15ന് ദാദ്രിയിലും, തനേസറിലും, ഹിസറിലും പ്രചാരണത്തിനെത്തും. ഇതിന് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ഹരിയാനയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. നിലവില്‍ 47 സീറ്റുകളുള്ള ബി.ജെ.പി 75ലധികം സീറ്റുകളിലാണ് വിജയം ലക്ഷ്യമിടുന്നത്.

എന്‍.ആര്‍.സിയാണ് ഹരിയാനയിലെയും ബി.ജെ.പിയുടെ തുറുപ്പുചീട്ട്. ദസറയോടനുബന്ധിച്ച് അമിത്ഷാ ഇന്ന് മഹാരാഷ്ട്രയിലെത്തുന്നുണ്ട്. മുംബൈ അരയിലെ മരംമുറിക്കലിനെത്തുടര്‍ന്നുണ്ടായ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. മരംമുറിക്കല്‍ സുപ്രിം കോടതി തടഞ്ഞെങ്കിലും മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയേക്കും. അതിനിടെ എന്‍.സി.പി പ്രകടന പത്രിക പുറത്തിറക്കി. വരൂ നമുക്ക് ഒരുമിച്ച് രാഷ്ട്രം കെട്ടിപ്പടുക്കാം എന്ന ടാഗ്‍ലൈനോട് കൂടിയുള്ള പത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്.