India Kerala

വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന്റെ പിന്മാറ്റത്തോടെ ബി.ജെ.പിയുടെ സാധ്യത മങ്ങി

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്റെ പിന്മാറ്റത്തോടെ ബി.ജെ.പിയുടെ സാധ്യത മങ്ങി. പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലായി. എന്നാല്‍ കുമ്മനത്തിന്റെ അസാന്നിധ്യം എല്‍.ഡി.എഫിന് സാധ്യതക്കൊപ്പം വെല്ലുവിളിയും മുന്നോട്ടുവെക്കുന്നു.

കുമ്മനം മത്സരരംഗത്തുണ്ടായിരുന്ന രണ്ട് തെര‍ഞ്ഞെടുപ്പുകളിലും ത്രികോണ പോരാട്ടത്തിനൊടുവില്‍ എല്‍.ഡി.എഫ് മൂന്നാമതായി. ഇത്തവണ മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കി രണ്ടും കല്‍പിച്ചുള്ള പോരാട്ടത്തിന് എല്‍.ഡി.എഫ് കച്ച കെട്ടിയപ്പോഴാണ് ബി.ജെ.പി കുമ്മനത്തിന് പകരം ജില്ലാ അധ്യക്ഷന്‍ സുരേഷിനെ രംഗത്തിറക്കിയത്. ഇതോടെ ത്രികോണ പോരാട്ടത്തെക്കാള്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലെ നേര്‍ക്കുനേര്‍ പോരാട്ടമായി വട്ടിയൂര്‍ക്കാവിലെ മത്സരരംഗം മാറുകയാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ യു.ഡി.എഫിന് വോട്ട് നല്‍കിയ ന്യൂനപക്ഷങ്ങളില്‍ മനംമാറ്റം ഉണ്ടാക്കാനായാല്‍ പുതിയ സാഹചര്യം എല്‍.ഡി.എഫിന് നേട്ടമാവും.

കുമ്മനത്തിന്റെ വ്യക്തിപ്രഭാവത്തിന് വോട്ടുനല്‍കിയവര്‍ ഇത്തവണ എങ്ങനെ ചിന്തിക്കുമെന്നതും പ്രധാനം. എന്നാല്‍ കുമ്മനത്തെ ഇറക്കാത്തത് ബിജെപിയുടെ തന്ത്രപരമായ പിന്മാറ്റമാണോ എന്ന ആശങ്കയും ഇടത് ക്യാന്പുകളിലുണ്ട്. കുമ്മനം വീണ്ടുമൊരു തോല്‍വി ഏറ്റുവാങ്ങുന്നത് ഒഴിവാക്കുക, എല്‍.ഡി.എഫിന്റെ തോല്‍വി ഉറപ്പാക്കുക എന്ന ദ്വിമുഖതന്ത്രമാണ് ബി.ജെ.പി പയറ്റുന്നതെങ്കില്‍ തിരിച്ചടിയേല്‍ക്കുക എല്‍.ഡി.എഫ് മോഹങ്ങള്‍ക്കാകും.