മരട് ഫ്ലാറ്റ് കേസിൽ ഇന്ന് നിർണായക ദിനം. അന്ത്യശാസനം നൽകിയിട്ടും ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാത്തതിൽ സുപ്രിം കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. പൊളിക്കാന്‍ നടപടി തുടങ്ങിയെന്ന സര്‍ക്കാര്‍ വിശദീകരണത്തിൽ കോടതി തൃപ്തിപ്പെടുമോയെന്ന് ഇന്നറിയാം. മുന്നൊരുക്കം ആവശ്യമായതിനാല്‍ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയേക്കും. ചീഫ് സെക്രട്ടറി ഇന്ന് കോടതിയില്‍ ഹാജരാകും.
തീരദേശ നിയമം ലംഘിച്ചു നിർമിച്ച മരടിലെ ഫ്ലാറ്റുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയ്ക്കകം പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം. എന്നാൽ കോടതിയുത്തരവ് നടപ്പായില്ല. പകരം, ചീഫ് സെക്രട്ടറി ടോം ജോസ് ആറുപേജുള്ള സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും നടപടി തുടങ്ങിയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. കോടതിയലക്ഷ്യ നടപടിയിൽ നിന്ന് രക്ഷപ്പെടാൻ മുൻകൂറായി നിരുപാധികം മാപ്പും അപേക്ഷിച്ചു. സത്യവാങ്മൂലത്തില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടിയിരുന്നെങ്കിലും നാളെ കോടതിയിലെത്താനാണ് ചീഫ് സെക്രട്ടറിയുടെ തീരുമാനം. ഇന്നലെ രാത്രിയോടെ ടോംജോസ് ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
അതേസമയം, ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നത് കടുത്ത പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതുകൊണ്ട് തന്നെ പൊളിക്കാന്‍ കൂടുതല്‍ സമയം തേടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും മുതിർന്ന അഭിഭാഷകൻ ആർ. വെങ്കട്ടരമണിയും ഇന്ന് ഹാജരാകുമെന്നാണ് വിവരം. പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന മരട് സ്വദേശിയുടെ ഹരജിയും ഇന്ന് കോടതി പരിഗണിക്കും. സംസ്ഥാന സർക്കാർ ഫ്ലാറ്റ് നിർമാതാക്കളുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു പരിസ്ഥിതി സംഘടന നൽകിയ കത്തും കോടതിയുടെ ശ്രദ്ധയിൽ വന്നേക്കും.