ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അഫ്ഗാനിസ്താന്. ടി20യില്‍ തുടര്‍ച്ചയായ പന്ത്രണ്ട് വിജയങ്ങള്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടമാണ് അഫ്ഗാനിസ്താന് നേടിയത്. അവരുടെ തന്നെ പതിനൊന്ന് വിജയങ്ങള്‍ എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. ഇന്നലെ ബംഗ്ലാദേശിനെ 25 റണ്‍സിന് തോല്പിച്ചതോടെയാണ് അഫ്ഗാനിസ്താന് വിജയത്തില്‍ റെക്കോര്‍ഡിട്ടത്.
മുഹമ്മദ് നബിയുടെ തകര്‍പ്പന്‍ ബാറ്റിങാണ്(54 പന്തില്‍ 84) അഫ്ഗാനിസ്താന് വിജയമൊരുക്കിയത്. 37 പന്തില്‍ 40 റണ്‍സുമായി അസ്ഗര്‍, നബിക്ക് പിന്തുണ കൊടുത്തു. ഇവരുടെ ബാറ്റിങ് മികവില്‍ അഫ്ഗാനിസ്താന് ഉയര്‍ത്തിയത് 165 എന്ന വിജയലക്ഷ്യം. എന്നാല്‍ ബംഗ്ലാദേശിന് 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ മുജീബു റഹ്മാന് അഫ്ഗാനിസ്താനെ വീഴ്ത്തുകയായിരുന്നു.
2018 ഫെബ്രുവരിയില്‍ സിംബാബ്വയെ തോല്പിച്ചാണ് അഫ്ഗാനിസ്താന് വിജയക്കുതിപ്പിന് തുടക്കമിടുന്നത്. പിന്നാലെ ബംഗ്ലാദേശിനെ 3-0ത്തിന് വൈറ്റുവാഷ് ചെയ്തു. പിന്നാലെ അയര്‍ലാന്‍ഡിനെ വിവിധ പരമ്പരകളില്‍ തോല്പിച്ചാണ് ബംഗ്ലാദേശും സിംബാബ്വെയും അടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരക്ക് അഫ്ഗാനിസ്താന് എത്തുന്നത്. അവിടെയും അഫ്ഗാനിസ്താന് കാലിടറിയില്ല.