താലിബാന് പ്രതിനിധികള്‍ മോസ്കോയിലെത്തി റഷ്യയുമായി ചര്‍ച്ച നടത്തി. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതിനു ശേഷമാണ് താലിബാന്റെ നിര്‍ണായക നീക്കം.
താലിബാന് പ്രതിനിധി സുഹൈള്‍ ശഹീനാണ് റഷ്യയുമായി താലിബാന് ചര്‍ച്ച നടത്തിയ വിവരം സ്ഥിരീകരിച്ചത്. റഷ്യയുടെ അഫ്ഗാന് പ്രതിനിധി സാമിര്‍ കബുലോവുമായാണ് താലിബാന് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. അമേരിക്കയും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ട ആവശ്യകത തന്നെയാണ് റഷ്യയും ഊന്നിപ്പറഞ്ഞതെന്നാണ് സൂചന. അമേരിക്കയുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ താലിബാന് സന്നദ്ധത അറിയിച്ചതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അഫ്ഗാനിസ്ഥാനില്‍ രണ്ടു പതിറ്റാണ്ടായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനാണ് കഴിഞ്ഞ മാസം ഖത്തറിൽ അമേരിക്കയും താലിബാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിനു തുടർച്ചയായി കഴിഞ്ഞ ഞായറാഴ്ച മേരിലാൻഡിൽ താലിബാൻ നേതാക്കളുമായുള്ള രഹസ്യചർച്ചയാണു ട്രംപ് റദ്ദാക്കിയത്. കഴിഞ്ഞയാഴ്ച കാബൂളില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിരുന്നു.
യു.എസ് സൈനികൻ അടക്കം 11 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സമാധാന ചര്‍ച്ചക്കിടയിലും ആക്രമണം തുടരുന്നു എന്നു പറഞ്ഞാണ് ട്രംപ് സമാധാന ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്. സമാധാന ചര്‍ച്ച നടക്കുമ്പോഴും അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിലുണ്ടെന്നും ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും താലിബാനും കുറ്റപ്പെടുത്തിയിരുന്നു.