തിരുവനന്തപുരം: രാജ്യത്താകമാനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ചു ജില്ലകള്‍ ചേരുന്ന ഡിവിഷന് രൂപീകരിച്ച് മൂന്നുവീതം സംയോജകരെ നിയമിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ കേരളത്തില്‍ ആശയക്കുഴപ്പം. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് ചിലര്‍ വാദിക്കുമ്ബോള്‍ അത് വേണമെന്ന് മറ്റുചില നേതാക്കള്‍ വാദിക്കുന്നു. ഹെെക്കമാന്‍ഡ് തീരുമാനമായതിനാല്‍ പേരിന് സംയോജകരെ നിയമിക്കാമെന്ന് മറ്റു ചില നേതാക്കളും അഭിപ്രായപ്പെടുന്നു.
കോണ്‍ഗ്രസ്, ആര്.എസ്.എസ് മോഡലില്‍ പ്രചാരകരെ നിയമിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ കേരളത്തിലെ പല നേതാക്കളും നീരസം പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസില്‍ കേഡര്‍ സംവിധാനം ചെലവാകില്ലെന്നാണ് ചില നേതാക്കള്‍ പറഞ്ഞത്. കോണ്‍ഗ്രസിന് ആര്.എസ്.എസ് മോഡലിന്റെ ആവശ്യമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷനും വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ അഭിപ്രായ ഭിന്നതകള്‍ നിലനിന്നതിനാലാണ് സംയോജക് എന്ന പേരിലേയ്ക്ക് നേതൃത്വം മാറി ചിന്തിച്ചത്. എന്നാല്‍, കേരളത്തില്‍ ഇത് നടപ്പാവുകയാണെങ്കില്‍ തെക്കന്‍ കേരളം, മദ്ധ്യകേരളം, വടക്കന്‍ കേരളം എന്നിങ്ങനെ മൂന്ന് മേഖലകളാക്കി തിരിച്ചാവും സംയോജകരെ കെ.പി.സി.സി നിദേശിക്കുക എന്നാണ് സൂചന. കേരളത്തിലെ പാര്‍ട്ടിയില്‍ സംയോജകരെ വരുമോ? ഇതേക്കുറിച്ച് ‘ഫ്ളാഷി’നോട് പ്രതികരിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പി.സി ചാക്കോ, ശൂരനാട് രാജശേഖരന് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍..
കേരളത്തില്‍ പ്രസക്തമല്ല
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ സംയോജകരെ നിയമിക്കുന്നത് പ്രസക്തമായ കാര്യമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കേരളത്തിലെ എല്ലാ ബൂത്തുതല പ്രവര്‍ത്തകരും സംയോജകരാണ്. എന്റെ നേതൃത്വത്തിലുളള കമ്മിറ്റി വന്നശേഷം 25000 ബൂത്ത് കമ്മിറ്റികളും പുന:സംഘടിപ്പിച്ചിരുന്നു. ഈ കമ്മിറ്റികളില്‍ എല്ലാമായി 25000 വനിതകള്‍ വെെസ് പ്രസിഡന്റുമാരാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ തോതിലുള്ള സംഘടനാ ശക്തി കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. ഇന്ത്യയിലെ കോണ്‍ഗ്രസിന് മുഴുവന്‍ മാതൃകയാണ് കേരളത്തിലെ പാര്‍ട്ടി. പിന്നെന്തിനാണ് കേരളത്തില്‍ സംയോജകരുടെ ആവശ്യം? എങ്കിലും എ.ഐ.സി.സിയുടെ തീരുമാനം പാര്‍ട്ടി ഗൗരവത്തോടെ കാണുന്നു. പാര്‍ട്ടിയെ കൂടുതല്‍ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ കെ.പി.സി.സിയില്‍ നിന്നുണ്ടാകും. എ.ഐ.സി.സി തീരുമാനം നടപ്പാക്കുന്ന കാര്യത്തില്‍ കൂടുതല്‍ ആലോചന ആവശ്യമാണ്.
കേരളത്തിന് ഒഴിഞ്ഞുമാറാനാവില്ല
എ.കെ ആന്റണിയും കെ.സി വേണുഗോപാലും കൂടിയിരുന്ന് എടുത്ത തീരുമാനമാണിത്. അതില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസിന് എങ്ങനെ ഒഴിഞ്ഞുമാറാന്‍ കഴിയുമെന്ന് പ്രവര്‍ത്തകസമിതി സ്ഥിരം ക്ഷണിതാവ് പി.സി ചാക്കോ ചോദിച്ചു. പാര്‍ട്ടിയുടെ തീരുമാനം കേരളത്തിനും ബാധകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നമ്മള് വിജയിച്ചുവെന്ന് കരുതി കേരളത്തിലുള്ളവര്‍ക്ക് കൊമ്ബൊന്നുമില്ല. എനിക്ക് ചുമതലയുളള ഡല്‍ഹിയില്‍ രണ്ട് ദിവസത്തിനകം സംയോജകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കും. പി.സി.സികളിലേയും ഡി.സി.സികളിലേയും ഒരു ജനറല്‍ സെക്രട്ടറിക്ക് പരിശീലനം സംബന്ധിച്ച് ചാര്‍ജുണ്ടാകും. അവരുടെ കീഴിലായിരിക്കും സംയോജകര്‍ പ്രവര്‍ത്തിക്കുക. എ.ഐ.സി.സി ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റും പി.സി.സിയും ചേര്‍ന്നായിരിക്കും സംയോജകരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം നടത്തുക. ദേശീയതലം മുതല്‍ ബ്ളോക്ക് തലം വരെയുളള പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. ഇതിന്റെ പൂര്‍ണ ചുമതല സച്ചിന് റാവുവിന്റെ നേതൃത്വത്തിലുളള ട്രെയിനിംഗ് വിഭാഗത്തിനാണ്. കേരളത്തിന്റെ ചുമതല പി.എം സുരേഷ് ബാബുവിനാണ്. കഴിഞ്ഞാഴ്ച ഇതുമായി ബന്ധപ്പെട്ട് വിശദമായ യോഗം നടന്നിരുന്നു. അതിനുശേഷമാണ് സോണിയാഗാന്ധി ഇങ്ങനെയൊരു തീരുമാനം നടപ്പാക്കുന്നത്.
കേരളത്തിനും ബാധകം
സംയോജകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാലാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞേ ഉണ്ടാകൂ എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കാനുള്ള എ.ഐ.സി.സി തീരുമാനം കേരളത്തിനും ബാധകമാണ്. ഇത് ആര്.എസ്.എസ് മോഡലല്ല, കോണ്‍ഗ്രസ് മോഡലാണ്. സ്വാതന്ത്ര്യ സമരകാലത്തെ കോണ്‍ഗ്രസും സേവാദളും ഇത്തരത്തിലായിരുന്നു പ്രവര്‍ത്തിച്ചത്. അത് പിന്നീട് ആര്.എസ്.എസ് അടിച്ചുമാറ്റി അവരുടെ പ്രവര്‍ത്തനം അത്തരത്തില്‍ ചിട്ടപ്പെടുത്തിയതാണ്. സംയോജകരുടെ നിയമനത്തിന് പുറമെ ഗൗരവമായി കാണേണ്ട ചില വിഷയങ്ങളുണ്ട്. ഞങ്ങളുടെയൊക്കെ തലമുറ പാര്‍ട്ടി ക്യാമ്ബുകളിലൂടെയാണ് വളര്‍ന്നത്. കെ.എസ്.യുവിനും യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനുമെല്ലാം എല്ലാ വര്‍ഷവും ക്യാമ്ബുണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്കത് ലഭിക്കുന്നില്ല. ഇന്നത്തെ യൂത്ത് നേതാക്കന്മാരെല്ലാം മൊബെെല്‍ കാലത്തിലാണ്. സേവാദളിനെ പുനരുജ്ജീവിപ്പിക്കേണ്ടതാണ് ഏറ്റവും അത്യാവശ്യം. സംയോജകരുടെ പാക്കേജില്‍ അതുമുണ്ടാകണം. ഒരു ബൂത്തില്‍ അഞ്ച് സേവാദള്‍ പ്രവര്‍ത്തകരെ നിയമിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ സര്‍വ സന്നദ്ധരും അച്ചടക്കവുമുള്ള 75 പ്രവര്‍ത്തകരെ ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിക്കും. അക്കാര്യം കെ.പി.സി.സി ഗൗരവമായി ആലോചിക്കുന്നുണ്ട്.