Cricket Sports

കളിക്കിടെ കറണ്ട് പോയി ; ഇരുട്ടിലായി ബംഗ്ലാദേശ് – സിംബാബ്‌വെ മത്സരം

ബംഗ്ലാദേശില്‍ ഇന്നലെ ആരംഭിച്ച ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിന്റെ ആദ്യ മത്സരം വാര്‍ത്തയില്‍ നിറയുന്നത് കളിക്കിടെ കറണ്ട് പോയതിന്റെ പേരില്‍. ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശ് – സിംബാബ്‌വെ മത്സരത്തിലാണ് വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് കളി തടസപ്പെട്ടത്. ഈ സമയം ഗ്യാലറിയില്‍ കാണികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഫ്ലാഷുകളും ഓഫാക്കിയതോടെ സ്റ്റേഡിയത്തില്‍ മൊത്തം കൂറ്റാക്കൂരിരുട്ടായി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയുടെ പതിനേഴാം ഓവറിലായിരുന്നു‌ സംഭവം. വൈദ്യുതി ബന്ധത്തില്‍ വന്ന പാളിച്ച മൂലം സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുള്‍പ്പെടെയുള്ളവ ഓഫായെങ്കിലും സംഭവം വളരെ മികച്ച രീതിയില്‍ കൈകാര്യംചെയ്ത സ്റ്റേഡിയം മാനേജ്മെന്റ് വളരെ വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച്‌ പെട്ടെന്ന് തന്നെ മത്സരം പുനരാരംഭിച്ചു.

അതേ സമയം ഇതാദ്യമായല്ല വൈദ്യുതി ബന്ധത്തിലെ തകരാര്‍ മൂലം ഒരു ക്രിക്കറ്റ് മത്സരം തടസപ്പെടുത്തുന്നത്. ഈ വര്‍ഷമാദ്യം ബിഗ് ബാഷ് ലീഗില്‍ നടന്ന സിഡ്നി സിക്സേഴ്സ് – ബ്രിസ്ബെയിന്‍ ഹീറ്റ്സ് മത്സരവും, 2009 ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരവും, ഈ വര്‍ഷം ന്യൂലാന്‍ഡ്സില്‍ നടന്ന ദക്ഷിണാഫ്രിക്ക – ശ്രീലങ്ക മത്സരവും വൈദ്യുതി ബന്ധത്തിലെ തകരാര്‍ മൂലം തടസപ്പെട്ടിരുന്നു.