സംസ്ഥാനത്ത് ബ്രൂസല്ല ബാധ സ്ഥിരീകരിച്ചു . കണ്ണൂര്‍ ജയിലിലെ തടവുകാരനാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
വിട്ടുമാറാത്ത പനിയെ തുടര്‍ന്നാണ് രണ്ട് ദിവസം മുന്‍പാണ് കണ്ണൂര്‍ ജയിലെ തടവുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പരിശോധനയില്‍ ബ്രൂസല്ല ബാധ കണ്ടെത്തുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് ബ്രൂസല്ല കണ്ടുവരുന്നുണ്ട്. പശു, പന്നി,നായ എന്നീ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ബാക്ടരീയയാണ് ബ്രൂസല്ല. മൃഗങ്ങളില്‍ നിന്ന് നേരിട്ടോ മാംസം, പാല് ഉദ്പന്നങ്ങളില്‍ നിന്നോ ആണ് ബ്രൂസല്ല ബാധയുണ്ടാകുന്നത്. ഇട വിട്ടുള്ള പനി, സന്ധിവേദന ഇതൊക്കെയാണ് രോഗലക്ഷണം. കേരളത്തില്‍ കൂടുതലായി പശുക്കളിലാണ് ബ്രൂസല്ല ബാധയുണ്ടായത്. മാംസം നന്നായി വേവിച്ച് കഴിക്കുക, തിളപ്പിച്ച പാല് ഉപയോഗിക്കുക എന്നിവയിലൂടെ രോഗം തടയാനാകും. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യവിധഗ്ദരുടെ അഭിപ്രായം.