തിരുവനന്തപുരം: കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴകിട്ടിയത് പാലക്കാട് ജില്ലയില്‍. സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 42 ശതമാനം അധികം മഴയാണ് ജില്ലയില്‍ പെയ്തത്. സംസ്ഥാനത്താകെ 13 ശതമാനം അധികം മഴ കിട്ടിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വരുന്ന നാലു ദിവസം കൂടി കേരളത്തില്‍ പരക്കെ മഴയായിരിക്കും.
കാലവര്‍ഷത്തിന്റെ അവസാന രണ്ടാഴ്ചയിലേക്ക് കടക്കുമ്ബോള്‍ കേരളത്തില്‍ അധികം മഴ കിട്ടിയതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,885 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ട കാലയളവില്‍ 2,130 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് മഴ കൂടുതല്‍ കിട്ടിയ മറ്റു ജില്ലകള്‍. കോഴിക്കോട്- 37, മലപ്പുറത്ത് 23, കണ്ണൂരില്‍ 20 ശതമാനം വീതം അധികം മഴ ലഭിച്ചു. മഴക്കണക്കില് ഏറ്റവും പിറകില്‍ ഇടുക്കിയാണ്. ഈ കാലയളവില്‍ കിട്ടേണ്ടതിനെക്കാള്‍ 11 ശതമാനം മഴ ജില്ലയില്‍ കുറഞ്ഞു.
വന്‍പ്രളയദുരന്തം നേരിട്ട വയനാട്ടിലും അഞ്ചു ശതമാനം മഴ കുറഞ്ഞു. ജൂണില്‍ പൊതുവെ സംസ്ഥാനത്ത് മഴ കുറവായിരുന്നു. ജൂലൈയില്‍ ചില ജില്ലകളില്‍ ശക്തിപ്പെട്ടെങ്കിലും ആഗസ്ത് ആദ്യ ആഴ്ചവരെ 30 ശതമാനം മഴക്കുറവാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ആഗസ്ത് ഏഴുമുതലുള്ള ഒരാഴ്ചക്കാലത്തെ തീവ്രമഴയാണ് മഴക്കണക്കിലെ കുറവ് നികത്തിയത്. വരുന്ന നാലു ദിവസം കൂടി പരക്കെ മഴലഭിക്കും. അതിന് ശേഷം മഴയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.