Cricket Sports

പാകിസ്താന്‍ പര്യടനത്തില്‍ നിന്നും പിന്‍മാറണം; ശ്രീലങ്കന്‍ താരങ്ങളെ ഇന്ത്യ ഭീഷണിപ്പെടുത്തിയതെന്ന് പാക് മന്ത്രി

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്തംബര്‍ 27ന് തുടങ്ങാനിരിക്കുന്ന ശ്രീലങ്കയുടെ പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് 10 ലങ്കന്‍ താരങ്ങള്‍ വിട്ടുനില്‍ക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഇത് വലിയ തിരിച്ചടിയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുക. എന്നാല്‍ ഇതിന് കാരണം ഇന്ത്യയാണെന്ന ആരോപണമാണ് പാകിസ്താനില്‍ നിന്നും ഉയര്‍ന്നു വരുന്നത്.

പാകിസ്താന്‍ മന്ത്രി ഫവാദ് ചൌദരിയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താന്‍ പര്യടനത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ഐ.പി.എല്ലില്‍ നിന്നും താരങ്ങളെ ഒഴിവാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതിനാലാണ് താരങ്ങള്‍ പാക് പര്യടനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ചൌദരി ട്വിറ്ററില്‍ കുറിച്ചു. സ്പോര്‍ട്സ് കമന്‍റേറ്ററുകള്‍ വഴിയാണ് താന്‍ ഈ വിവരം അറിഞ്ഞതെന്നും ഇത് തികച്ചും നിലവാരം കുറഞ്ഞ പ്രവണതയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നിരോഷന്‍ ഡിക്വെല്ല, കുസാല്‍ പെരേര, ജനിത് പെരേര, ധനഞ്ജയ് ഡി സില്‍വ, തിസാര പെരേര, അഖില ധനഞ്ജയ, ലസിത് മലിംഗ, ആഞ്ചലോ മാത്യൂസ്, സുരങ്ക ലക്മല്‍, ദിനേഷ് ചണ്ഠിമാല്‍, ദിമുത് കരുണരത്നെ എന്നിവരാണ് പാക് പര്യടനത്തില്‍ നിന്നും പിന്‍മാറിയ ശ്രീലങ്കന്‍ താരങ്ങള്‍. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പര സെപ്തംബര്‍ 27ന് തുടങ്ങി ഒക്ടോബര്‍ ഒമ്പത് വരെയാണ് തീരുമാനിച്ചിരിക്കുന്നത്.