India Kerala

കെ.എസ്.ആർ.ടി.സിയിൽ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകിയില്ല

കെ.എസ്.ആർ.ടി.സിയിൽ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാനായില്ല. സർക്കാർ സഹായം കിട്ടിയാലെ ശമ്പളം നൽകാനാകൂ എന്നാണ് മാനേജ്മെന്റ് പറയുന്നത്.

80 കോടി രൂപ വേണം കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ. ഇതിൽ ഇരുപത് കോടി സർക്കാരാണ് നൽകുന്നത്. എന്നാൽ 16 കോടി മാത്രമാണ് അനുവദിച്ചത്. അതിനാൽ ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം കൊടുത്തപ്പോൾ തന്നെ ഫണ്ട് തീർന്നു. മിനിസ്റ്റീരിയൽ സൂപ്പർവൈസറി ജീവനക്കാർക്ക് എന്ന് ശമ്പളം കൊടുക്കാനാകുമെന്ന ചോദ്യത്തിന് മാനേജ്മെന്റിന് മറുപടിയില്ല.

ബോണസിന്റെ കാര്യത്തിലും സർക്കാർ കനിയണം. കിട്ടാനുള്ള 4 കോടിയും ബോണസിനായുള്ള 30 കോടിയും അനുവദിക്കണമെന്നഭ്യർത്ഥിച്ച് ഗതാഗത മന്ത്രി ധനമന്ത്രിയുമായി സംസാരിച്ചിരുന്നു. ഓണക്കാലത്തു പണച്ചെലവു കൂടുതലായതിനാൽ പരിഗണിക്കാമെന്നാണ് തോമസ് ഐസക് മറുപടി നൽകിയത്. മുഴുവൻ പേർക്കും ശമ്പളം നൽകിയില്ലെങ്കിൽ അടുത്ത ഘട്ട പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് വിവിധ യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.