ശബരിമലയില്‍ പ്രത്യേക നിയമ നിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയുടെ ഭരണ കാര്യങ്ങള്‍ക്കായി നിയമനിര്‍മാണം കൊണ്ടുവരാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ സുപ്രീകോടതിയെ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ നിലവിലെ ഭരണസംവിധാനം മാറ്റുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേയാണ് പുതിയ നിയമനിര്‍മ്മാണത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. ശബരിമലയുടെ ഭരണ കാര്യങ്ങള്‍ക്കായി നിയമനിര്‍മാണം കൊണ്ടുവരാന്‍ തീരുമാനിച്ചതായാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്.
യുവതീപ്രവേശനത്തില്‍ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ യുവതീപ്രവേശനത്തെ മറികടക്കാന്‍ നിയമം കൊണ്ട് വരുമോ എന്ന കാര്യത്തില്‍ ചില സംശയങ്ങളുണ്ട്. ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തെ കുറിച്ചാണ് കോടതിയില്‍ പറഞ്ഞത്.
എന്നാല്‍ അത്തരത്തിലൊരു സത്യവാങ്മൂലം നല്‍കിയതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രതികരിച്ചത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ യുവതീപ്രവേശനം തടയാന്‍ നിയമനിര്‍മ്മാണം നടത്തില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നു.