ലഹരി ഉപയോഗം കണ്ടെത്തുന്നതിന് വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന നടത്താന്‍ തീരുമാനിച്ച കോലഞ്ചേരി മെഡിക്കല്‍ കോളജ് വിശദീകരണവുമായി രംഗത്ത്. പരിശോധന നടത്താന്‍ തീരുമാനിച്ചത് എല്ലാവരുടെയും സമ്മതപത്രം വാങ്ങിയിട്ടാണെന്നും ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള പുതിയ ചുവട് വയ്പ്പാണിതെന്നുമാണ് കോളജ് വിശദീകരണം. എന്നാല്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സമ്മത പത്രം വാങ്ങുന്നതെന്നും തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്നുമുള്ള വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍.
ജനുവരി 17നാണ് കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധന നടത്താന്‍ തീരുമാനിച്ച്കൊണ്ട് സര്‍ക്യുലര്‍ പുറത്തുവിട്ടത്. പരിശോധന നിയമ വിരുദ്ധമാണന്നും നിര്‍ബന്ധിച്ച് സമ്മതപത്രം ഒപ്പിടീക്കുന്നത് മനുഷ്യാവകാശ ലംഘനമാണന്നും ആരോപിച്ച് വിദ്യാര്‍ഥികള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കുലര്‍ തെറ്റിദ്ധരിക്കപ്പെട്ടതായി വിശദീകരിച്ച് കോളജ് മാനേജ്മെന്റ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടില്ലന്നും വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും സമ്മതത്തോടെയാണ് പരിശോധന നടത്തുന്നതെന്നും തീരുമാനം ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള പുതിയ ചുവട് വയ്പ്പാണെന്നുമാണ് പുതിയ സര്‍ക്കുലറിലൂടെ കോളജ് വിശദീകരിക്കുന്നത്. ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും ഹോസ്റ്റലില്‍ താമസിക്കണമെങ്കില്‍ സമ്മതപത്രം ഒപ്പിടണമെന്ന സമ്മര്‍ദ്ദ തന്ത്രമാണ് അധികൃതര്‍ പ്രയോഗിക്കുന്നതെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സംഭവത്തില്‍ ഇതിനോടകം തന്നെ വിവിധ കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ലഹരി ഉപയോഗം തടയപ്പെടേണ്ടതാണങ്കിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന വിധത്തിലാവരുത് നടപടികളെടുക്കേണ്ടന്നതെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്.