പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ രാവിലെ എന്‍.സി.പി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മുന്നണി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ആലോചന. മാണി സി കാപ്പന് തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത.
23 ന് നടക്കുന്ന തെരഞ്ഞടുപ്പില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വേഗത്തില്‍ പൂര്‍ത്തീകരിച്ച് മത്സരരംഗത്തേക്ക് വേഗത്തില്‍ ഇറങ്ങാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്.സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ രാവിലെ എന്‍.സി.പി നേതൃയോഗം ചേരുന്നുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗം തിരുവനന്തപുരത്ത് ചേരും. മാണി സി കാപ്പന് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് നിലവിലെ സൂചന. 5000ത്തില്‍ താഴെ മാത്രമാണ് കഴിഞ്ഞ തവണത്തെ മാണിയുടെ ഭുരിപക്ഷമെന്നത് ഇടത് മുന്നണിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ തവണ മാണിയോട് അത്ര നല്ല മത്സരം കാഴ്ച വെച്ചതാണ് മാണി സി. കാപ്പന് വീണ്ടും അനുകൂലമായ സാഹചര്യം ഉയര്‍ന്ന് വരാന്‍ കാരണം. മാത്രമല്ല മാണി സി. കാപ്പനോട് സി.പി.എമ്മിനും താത്പര്യമുള്ളത് അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മുന്നണി യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് എന്‍.സി.പി ആലോചിക്കുന്നത്.തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ തിയതിയും പ്രചരണ പരിപാടികളും ഇന്നത്തെ ഇടത് മുന്നണി യോഗത്തില്‍ തീരുമാനിക്കും.