India National

‘നഷ്ടത്തെ കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തണം, കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല’; സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതികരണവുമായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസ്ഥയില്‍ പ്രതികരണവുമായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യം. പൊതു വ്യവസായ സ്ഥാപനങ്ങള്‍ ലാഭം നേടുന്ന പ്രക്രിയയില്‍ നിന്ന് പിന്‍തിരിയുകയും നഷ്ടത്തെ കുറിച്ച് സമൂഹത്തോട് പറയുകയും സര്‍ക്കാരിനോട് സഹായ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സമീപനം ഉപേക്ഷിച്ച് പുതിയ ചിന്തകള്‍ നടപ്പിലാക്കണമെന്ന് സുബ്രഹ്മണ്യം പറഞ്ഞു. ഉപഭോഗമല്ല നിക്ഷേപം മാത്രമേ സാമ്പത്തിക വ്യവസ്ഥയെ വളര്‍ത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിനെതിരെ കോര്‍പ്പറേറ്റ് തലത്തില്‍ നിന്നും വിശകലന വിദഗ്ധരുടേയും സാമ്പത്തികവിദഗ്ധരുടേയും വിമര്‍ശനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സുബ്രഹ്മണ്യത്തിന്റ പ്രതികരണം.

1991ല്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളില്‍ നിന്ന് ഗുണങ്ങള്‍ നേടിയ സ്വകാര്യ കമ്പനികളെ അദ്ദേഹം പ്രായപൂര്‍ത്തിയായ മനുഷ്യനുമായി താരതമ്യം ചെയ്തു. ഈ മുപ്പത് വയസായ വ്യക്തി സ്വന്തം കാലില്‍ നില്‍ക്കണമെന്നും വ്യക്തിപരമായി ലാഭം നേടുമ്പോള്‍ അത് സ്വന്തമാകുകയും നഷ്ടമുണ്ടാവുമ്പോള്‍ അത് സമൂഹത്തിന്റെ പേരിലിടുന്നതിനെയും, ഒരു പ്രായപൂര്‍ത്തിയായ വ്യക്തി തന്റെ പിതാവിനോട് സഹായം അഭ്യര്‍ത്ഥിക്കുന്നതുമായാണ് സുബ്രഹ്മണ്യം താരതമ്യം ചെയ്തത്.

കഴിഞ്ഞ യു.പി.എ സര്‍ക്കാരിനെയും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി സുബ്രഹ്മണ്യം വിമര്‍ശിക്കുന്നുണ്ട്. യു.പി.എ സര്‍ക്കാര്‍ വേണ്ടത്ര സാമ്പത്തിക രംഗത്ത് ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയില്ലെന്നും പക്ഷേ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ സാമ്പത്തിക രംഗത്തെ പുരോഗതിക്ക് വേണ്ടി പ്രയത്നിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.