Cricket Sports

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര; ആ റെക്കോര്‍ഡും കോഹ്‌ലി തകര്‍ക്കും

നീണ്ട നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് മത്സരങ്ങളിലേക്ക് മടങ്ങുന്നു. ലോകകപ്പിന് മുമ്പ് ആസ്‌ട്രേലിയക്കെതിരെയായിരുന്നു ഇന്ത്യ അവസാനം ടെസ്റ്റ് കളിച്ചത്. ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ് കരുത്തില്‍ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. വിന്‍ഡീസിനെതിരെ ഇന്ത്യ ടെസ്റ്റിനൊരുങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണ് നായകന്‍ വിരാട് കോഹ്‌ലിയിലാണ്.

ഒരു വിധം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുന്ന കോഹ്‌ലിക്ക് മുന്നില്‍ അടുത്ത് തന്നെ വഴിമാറാനുള്ളത് ആസ്‌ട്രേലിയന്‍ നായകന്‍ റിക്കിപോണ്ടിങ് സ്ഥാപിച്ച റെക്കോര്‍ഡാണ്. നായകനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ കളിക്കാരനാണ് പോണ്ടിങ്. ഇങ്ങനെ 19 സെഞ്ച്വറികളാണ് പോണ്ടിങിന്റെ പേരിലുള്ളത്. കോഹ് ലിയുടെ പേരിലാകട്ടെ 18ഉം. നിലവിലെ ഫോം നോക്കുകയാണെങ്കില്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ തന്നെ കോഹ്‌ലി ഈ റെക്കോര്‍ഡ് മറികടക്കും.

ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിന്റെ പേരിലാണ് ഇങ്ങനെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളുള്ളത്(25). അതേസമയം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിത്തന്ന ധോണിയുടെ റെക്കോര്‍ഡ് മറികടക്കാനും കോഹ്ലിക്കാവും. ധോണി 60 മത്സരങ്ങളില്‍ നിന്നായി 27 വിജയങ്ങളാണ് നേടിത്തന്നത്. കോഹ്‌ലിക്കാവട്ടെ 46 മത്സരങ്ങളില്‍ നിന്ന് 26 വിജയങ്ങളും. വിന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ജയിച്ചാല്‍ ഈ പരമ്പരയില്‍ തന്നെ ധോണിയെ മറികടക്കാനാവും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് പരമ്പര എന്ന് കൂടി കണക്കിലെടുത്താല്‍ ഓരോ മത്സരവും ഇന്ത്യ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.