നിലമ്പൂർ കവളപ്പാറയിൽ മണ്ണിടിച്ചിലിൽ കാണാതയവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. 13 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല.
മണ്ണിനടിയിൽ പെട്ടവർക്കായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ 46 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്താനായി. ആകെ 59 പേരിൽ ഇനി 13 പേർക്കായാണ് ഊർജ്ജിതമായ തെരച്ചിൽ തുടരുന്നത്. ഇന്നലെ അനുകൂലമായ കാലാവസ്ഥയായിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായില്ല. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ.
തുടരുന്നത്. കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ ഇതുവരെ മണ്ണ് മാന്തിയന്ത്രങ്ങൾ ഇറക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ഒരു പക്ഷെ ഇന്ന് തെരച്ചിൽ സാധ്യമാകുമെന്നാണ് പ്രതീക്ഷ. വീടുണ്ടായിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെയുള്ള തിരച്ചിൽ. പരമാവധി ആളുകളെ കണ്ടെത്തും വരെ എൻ.ഡി.ആർ.എഫ് സംഘമടക്കമുള്ളവർ സ്ഥലത്ത് തുടരും. പുനരധിവാസമടക്കമുള്ള തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പോത്തുകല്ല് പഞ്ചായത്തിൽ ഇന്ന് യോഗം ചേരും. ജില്ലാ കലക്ടറുടെയും പി.വി അൻവർ എം.എൽ.എയുടെയും നേതൃത്വത്തിലായിരിക്കും യോഗം.
പുത്തുമലയിലും തിരച്ചില്‍ തുടരുന്നു
വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായ 5 പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഇതിനകം 12 പേരുടെ മൃതദേഹമാണ് ഇവിടെ നിന്നും കണ്ടെടുത്തത്. ഏലവയല്‍ പുഴയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. റഡാര്‍ സംവിധാനം ഇന്നും ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
പുത്തുമലയിൽ നിന്ന് കാണാതായവരില്‍ ഒരു സ്ത്രീയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴ്ഭാഗത്തെ പുഴയില്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് 11 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെടുക്കാനായത്. ഇതോടെ പുത്തുമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ഇനി അഞ്ചുപേരെയാണ് കണ്ടെത്താനുള്ളത്.
ജി.പി.ആര് സംവിധാനം ഉപയോഗപ്പെടുത്തി കഴിഞ്ഞ ദിവസം നടത്തിയ തെരച്ചില്‍ ഫലം കണ്ടില്ലെങ്കിലും ഇന്നും തെരച്ചിലിനായി റഡാര്‍ ഉപയോഗപ്പെടുത്തും. പുത്തുമലക്ക് താഴ്ഭാഗത്തെ പുഴയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ ദേശീയ ദുരന്ത പ്രതികരണ സേന, അഗ്നി ശമന വിഭാഗം , വനം വകുപ്പ് തുടങ്ങിയവയുടെ സംയുക്ത സംഘത്തെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്.