India Kerala

വയനാട് പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. പുത്തുമലയില്‍ ഇനി കാണാതായ അഞ്ച് പേരെക്കൂടി കണ്ടെത്താനുണ്ട്.

പുത്തുമലയില്‍ ഉരുള്‍പ്പൊട്ടിയ മേഖലയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ നിന്നാണ് ഇന്നലെ ഒരു മൃതദേഹം ലഭിച്ചത്. അതുകൊണ്ടുതന്നെ, സൂചിപ്പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ തുടരുന്നത്. ഇതിനായി ദേശീയദുരന്ത നിവാരണ സേന, അഗ്നിശമന വിഭാഗം, വനംവകുപ്പ് എന്നിവയില്‍ നിന്നുള്ള 12 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ഇന്നലെ മൃതദേഹം ആദ്യം കണ്ടെത്തിയ സന്നദ്ധ സംഘടന പ്രവര്‍ത്തകരും മേഖലയിലുണ്ട്.

പുത്തുമലയിലും പാലത്തിന് താഴെയും മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നുണ്ട്. മഴയില്ലാത്തത് ദൗത്യത്തിന്‌ ഗുണകരമാണ്. ഇന്നലെ കണ്ടെത്തിയടക്കം 12 പേരാണ് പുത്തുമലയില്‍ മരിച്ചത്. മൃതദേഹം ആരുടേതാണെന്നത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനാല്‍ ഡി.എന്‍.എ പരിശോധന നടത്തിയ ശേഷം സംസ്കരിച്ചാല്‍ മതിയെന്നാണ് തീരുമാനം.