ജമ്മുകാശ്മീരിലുള്ള സ്വന്തം വീട്ടുകാരെ കാണാനാകാതെയാണ് പുറത്ത് താമസിക്കുന്ന പലരുടെയും ബലി പെരുന്നാള്‍ ഇത്തവണ കടന്നു പോയത്. ആഘോഷങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ജമ്മുകാശ്മീര്‍ സ്വദേശികള്‍ ഈദ് ദിനത്തില്‍ ഡല്‍ഹിയില്‍ ഒത്തുകൂടി. അരുന്ധതി റോയ് ഉള്‍പ്പെടെയുള്ള പ്രമുഖരും ഈദ് ദിനത്തില്‍ ഇവരൊടൊപ്പം എത്തിയിരുന്നു.
പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് സന്തോഷത്തോടെ വീട്ടുകാരോടൊപ്പം ആഘോഷിക്കേണ്ട ഒരു ബലിപെരുന്നാളായിരുന്നു ജമ്മുകാശ്മീരിനിത്. എന്നാല്‍, അനുച്ഛേദം 370 റദ്ദാക്കിയതിനോടനുബന്ധിച്ച് ഏര്‍പ്പെടത്തിയ നിരോധനാജ്ഞ അതിന്റെ നിറം കെടുത്തി. സ്വന്തം സംസ്ഥാനത്തേക്ക് പോകാനോ വീട്ടുകാരോട് സംസാരിക്കാനോ ഒട്ടുമിക്കവര്‍ക്കും ഇതുവരെയും സാധിച്ചിട്ടില്ല. ഈദ് ദിനത്തില്‍ കാണാനാകാത്ത ഉറ്റവരെയോര്‍ത്ത് പലരും വിതുമ്പി.
എഴുത്തുകാരിയായ അരുന്ധതി റോയ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പരണ്‍ജോയ് ഗുഹ താക്കൂര്‍ത്ത തുടങ്ങി പലപ്രമുഖരും ജമ്മുകാശ്മീര്‍ സ്വദേശികളോടപ്പം ഈദ് ദിനത്തില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. പ്രത്യേക പദവി റദ്ദാക്കി ജമ്മുകാശ്മീര്‍ വിഭജിക്കാനുള്ള തീരുമാനത്തോടെ വികസനം വരുമെന്ന് കരുതുന്നില്ലെന്ന് പരണ്‍ജോയ് ഗുഹ താക്കൂര്‍ത്ത മീഡിയവണ്ണിനോട് പറഞ്ഞു. താഴ്‌വരയിലെ ആശങ്കയുടെ നാളുകള്‍ എന്ന് മാറുമെന്നത് മാത്രമാണ് ഒത്തുകൂടിയവരില്‍ പലരും പങ്കുവെച്ചത്.