കനത്ത മഴയിൽ നിലമ്പൂർ നഗരം വെള്ളത്തിനടിയിലായി. നെടുങ്കയം, മാഞ്ചീരി,കരുവാരക്കുണ്ട് പ്രദേശങ്ങളിൽ ഉരുൾപൊട്ടി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ജില്ലാഭരണകൂടം അതി ജാഗ്രത നിർദേശം നൽകി.
മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയും, നെടുങ്കയം ഉൾ വനത്തിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലും ആണ് നിലമ്പൂർ നഗരത്തെ വെള്ളത്തിനടിയിൽ ആക്കിയത്. വീടുകളുടെയും കെട്ടിടങ്ങളുടെയും തറനില പൂര്‍ണമായി വെള്ളത്തിനടിയിലായി. പലയിടത്തും ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്.
ഒറ്റപ്പെട്ടവരെ പൊലീസും ഫയർഫോഴ്സും രക്ഷാ പ്രവർത്തകരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചാലിയാർ കരുളായി പഞ്ചായത്തുകളെയാണ് മഴ കൂടുതൽ ബാധിച്ചത്. പലയിടത്തും പുഴ കര കവിഞ്ഞൊഴുകി. നിലമ്പൂർ മാനവേദൻ സ്കൂൾ പരിസരത്തു നിന്ന് നൂറോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നഗരത്തില്‍ വരെ ബോട്ടുകളിലും വഞ്ചികളിലുമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അടുത്ത പത്താം തീയതി വരെ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു. നിലമ്പൂർ – ഊട്ടി ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. എമർജൻസി റെസ്ക്യൂ ഫോഴ്സ്, ട്രോമാകെയർ വളണ്ടിയർമാർ തുടങ്ങിയവരും ദുരിതബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.