പി.എസ്.സി ചെയർമാന്റെ പങ്ക് കൂടി അന്വേഷിക്കുന്ന തരത്തിൽ പി. എസ്.സി പരീക്ഷ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. സി.ബി.ഐ അന്വേഷണത്തിനായി പ്രക്ഷോഭം നടത്താനും നിയമനടപടിയുടെ സാധ്യത തേടാനും കെ.പി.സി.സി തീരുമാനിച്ചു. പി.എസ്.സിയുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു.
മൂന്ന് ഉദ്യോഗാർത്ഥികൾ മാത്രം വിചാരിച്ചാൽ നടത്താൻ കഴിയുന്നതല്ല പരീക്ഷ ക്രമക്കേട്. പി.എസ്.സി ചെയര്‍മാനോ അംഗങ്ങളോ ഉദ്യോഗസ്ഥരോ സഹായിക്കാതെ തട്ടിപ്പ് നടക്കില്ല. അവരുടെ പങ്ക് പുറത്തുവരണം. തടിപ്പ് പി.എസ്.സി തന്നെ സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത കൂടിയാണ് നഷ്ടപ്പെട്ടത്. അതിനാല്‍ പൊലീസ് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ന് ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനും ആഹ്വാനം ചെയ്തു. നിയമസാധ്യതകളും പരിശോധിക്കും. പി.എസ്.സിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ പി.എസ്.സി തന്നെ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഭരണ മുന്നണിയുടെ ഭാഗമായി സി.പി.ഐ ഉന്നയിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ പി.എസ്.സിയെയും എസ്.എഫ്.ഐയെയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വീകരിച്ചത്.